ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- ടോട്ടനം വമ്പന്‍ പോരാട്ടം. സീസണിലെ പത്താം റൗണ്ട് മത്സരത്തിനാണ് ഇരുടീമുകളും ഇറങ്ങുന്നത്. ഒമ്പത് മത്സരങ്ങളില്‍ 20 പോയിന്റുമായി ടോട്ടനം രണ്ടാമതും 18 പോയിന്റുള്ള ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് ജയിക്കുന്ന ടീമിന് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാം. ചെല്‍സിയെ മൂന്ന് വട്ടം പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ ഹോസെ മൗറീഞ്ഞോയുടെ ശിക്ഷണത്തിലാണ് ടോട്ടനം കളിക്കുന്നത്. 

മൗറീഞ്ഞോക്ക് കീഴില്‍ ചെല്‍സിയുടെ പ്രധാന താരമായി മാറിയ ഫ്രാങ്ക് ലാംപാര്‍ഡിന്റെ പരിശീലനത്തിലാണ് നീലപ്പട. ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് ചെല്‍സി മൈതാനത്താണ് മത്സരം. മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഇന്ന് മത്സരമുണ്ട്. രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തില്‍ സതാംപ്ടണാണ് എതിരാളികള്‍. എട്ട് കളിയില്‍ 13 പോയിന്റുള്ള യുണൈറ്റഡ് നിലവില്‍ ആദ്യ 10 സ്ഥാനങ്ങള്‍ക്ക് പുറത്താണ്.

അതേസമയം നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിന് അപ്രതീക്ഷിത സമനില പിണഞ്ഞു. ബ്രൈറ്റണുമായുള്ള മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഡിയേഗോ ജോട്ടയുടെ ഗോളില്‍ ലിവര്‍പൂള്‍ മൂന്നിലെത്തി. എ്ന്നാല്‍ പാസ്‌ക്കല്‍ ഗ്രോസിന്റെ പെനാല്‍റ്റി ബ്രൈറ്റണ് സമനില സമ്മാനിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത അഞ്ച് ഗോളിന് ബേണ്‍ലിയെ തകര്‍ത്തു. ഹാട്രിക് നേടിയ റിയാദ് മെഹ്‌റസാണ് സിറ്റിക്ക് വമ്പന്‍ ജയമൊരുക്കിയത്. ബെഞ്ചമിന്‍ മെന്‍ഡി ഫെറാന്‍ ടൊറസ് എന്നിവരും ഗോള്‍ നേടി. 

നിലവില്‍ ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ 21 പോയിന്റാണ് അവര്‍ക്കുള്ളത്. ടോട്ടനം (19) രണ്ടാമതും ചെല്‍സി (18) മൂന്നാം സ്ഥാനത്തുമാണ്. ലെസ്റ്റര്‍ സിറ്റിയാണ് നാലാം സ്ഥാനത്ത്. 9 മത്സരങ്ങളില്‍ 15 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി എട്ടാം സ്ഥാനത്താണ്.