ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ചെല്‍സി, വെസ്റ്റ്ഹാമിനെ നേരിടും. പുലര്‍ച്ചെ 1.30നാണ് മത്സരം. ഇന്ന് രാത്രി 11ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സ്, ബേണ്‍ലിയെ നേരിടും. തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയ ചെല്‍സി ഇപ്പോള്‍ 13 മത്സരങ്ങളില്‍ 22 പോയിന്റുമായി 13ാം സ്ഥാനതത്താണ് ചെല്‍സി. വെസ്റ്റ് ഹാം പത്താം സ്ഥാനത്തുണ്ട്.

ഇന്നലെ നടന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലെസ്റ്റര്‍ സിറ്റിയും വിജയിച്ചു. മാഞ്ചസ്റ്റര്‍ രണ്ടിനെതിരെ ആറ് ഗോളിന് ലീഡ്‌സ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ യുണൈറ്റഡ് ഒന്നിനെതിരെ 4 ഗോളിന് മുന്നിലെത്തി. ആദ്യ മൂന്ന് മിനിറ്റില്‍ തന്നെ രണ്ട് ഗോള്‍ നേടിയാണ് യുണൈറ്റഡ് എതിരാളികളെ ഞെട്ടിച്ചത്. സ്‌കോട്ട് മക്ടോംനി ആണ് രണ്ട് ഗോളും നേടിയത്.

20ആം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. 37ആം മിനിറ്റില്‍ വിക്ടര്‍ ലിന്‍ഡെലോഫ് നാലാം ഗോള്‍ നേടി. 66ആം മിനിറ്റില്‍ ഡാനിയേല്‍ ജെയിംസ് അഞ്ചാം ഗോള്‍ നേടി. 70ആം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍പ്പട്ടിക തികച്ചു. 13 കളിയില്‍ 26 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 

മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ ലെസ്റ്റര്‍ സിറ്റി വീഴ്ത്തി. മറുപടിയില്ലാത്ത 2 ഗോളിനാണ് ലെസ്റ്ററിന്റെ ജയം. ആദ്യ പകുതിയുടെ ഇഞ്ച്വറിടൈമില്‍ ജാമി വാര്‍ഡിയാണ് പെനാല്‍റ്റിയിലൂടെ ലെസ്റ്ററിനെ മുന്നിലെത്തിച്ചത്. സെര്‍ജി ഓറിയറിന്റെ പിഴവില്‍ നിന്നാണ് പെനാല്‍റ്റി വന്നത്. 59ആം മിനിറ്റില്‍ ടോബി ആല്‍ഡെര്‍വെയ്‌റെല്‍ഡിന്റെ സെല്‍ഫ് ഗോളില്‍ ടോട്ടനത്തിന്റെ തോല്‍വി പൂര്‍ത്തിയായി.

കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടോട്ടനത്തിന് ജയിക്കാനായത്. 14 കളിയില്‍ 27 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 14 കളിയില്‍ 25 പോയിന്റ് ഉള്ള ടോട്ടനം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.