മാഞ്ചസ്റ്റര്‍: എഫ് എ കപ്പ് ചാമ്പ്യൻമാരെ ഇന്നറിയാം. ചെൽസി ഫൈനലിൽ ലെസ്റ്റർ സിറ്റിയെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ രാത്രി 9.45 നാണ് കളി തുടങ്ങുക. ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണുന്ന ചെൽസിക്ക് എഫ്‌ എ കപ്പ് ആത്മവിശ്വാസം കൂട്ടാനുള്ള മരുന്നാണ്. മറുവശത്ത് ലെസ്റ്ററിന് ചരിത്രം തിരുത്തിയെഴു താൻ ഉള്ള അവസരവും.

140 വർഷത്തെ എഫ് എ ചരിത്രത്തിൽ ലെസ്റ്റർ ഇതുവരെ കിരീടം തൊട്ടിട്ടില്ല. ചെൽസി ലക്ഷ്യമിടുന്നത് ഒൻപതാം കിരീടം. കഴിഞ്ഞ അഞ്ചിൽ നാല് തവണയും ഫൈനൽ കളിച്ച ചെൽസിക്ക് തന്നെയാണ് മുൻതൂക്കം. 14 തവണ ഫൈനൽ കളിച്ച പരിചയവും ക്ലബിനുണ്ട്. ലെസ്റ്റർ കലാശ പോരാട്ടത്തിന് എത്തുന്നത് ആകട്ടെ 52 വർഷങ്ങൾക്ക് ശേഷവും.

പ്രീമിയർ ലീഗിൽ ചെൽസിക്ക് മുന്നിൽ മൂന്നാം സ്ഥാനത്ത് ആണ് ലെസ്റ്റർ. സീസണിലെ ഫോം വെംബ്ലിയില്‍ തുടർന്നാൽ കിരീടം അകലെയല്ല. ടുഷേലിന് കീഴിൽ വൻ തിരിച്ചുവരവ് നടത്തുകയാണ് ചെൽസി. ജയിച്ചാൽ ടുഷേലിന് നീലപ്പടയ്ക്ക് ഒപ്പം ആദ്യ കിരീടം.

ടൂർണമെന്‍റിലെ അഞ്ച് കളിയിൽ നാല് ഗോളുമായി മുന്നിലുള്ള കലെച്ചി ഇഹിനചോ ആണ് ലെസ്റ്ററിന്‍റെ കരുത്ത്. മൂന്ന് ഗോൾ കണ്ടെത്തിയ ടാമി അബ്രഹാം ചെൽസി നിരയിൽ മുന്നിൽ. പരിക്ക് മാറി എത്തുന്ന എൻഗോലോ കാന്‍റെ ടുഷേലിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിലേക്ക് കാണികൾ തിരിച്ചെത്തുന്നു എന്നതും ആരാധകർക്ക് ആവേശമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona