ബകു: യൂറോപ്പ ലീഗ് ഫൈനലിൽ ആഴ്സണലിനെ വെറും കാഴ്ചക്കാരാക്കി ചെൽസിക്ക് തിളക്കമാർന്ന ജയം. കലാശപ്പോരിൽ ഒന്നിനെതിനെ നാല് ഗോളുകൾക്കാണ് ആഴ്സണലിനെ ചെൽസി മുട്ടുകുത്തിച്ചത്. 
ഈഡൻ ഹസാഡിന്റെ ഇരട്ട ഗോളാണ് ഫൈനലിൽ ചെൽസിക്ക് കരുത്തായത്. ചെൽസിക്ക് വേണ്ടി പെദ്രോ, ഒലിവർ എന്നിവർ ഓരോ ഗോൾ വീതം നേടി. അസർബൈജാനിലെ ബകുവിലായിരുന്നു കലാശപ്പോര്. 

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. 49ാം മിനിറ്റിൽ ഒലിവറാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് 60 ാം മിനിറ്റിൽ പെദ്രോ ലീഡുയർത്തി. 65ാം മിനിറ്റിൽ ഹസാഡിന്റെ ആദ്യ ഗോൾ പിറന്നു. 69ാം മിനിറ്റിൽ അലക്സ് ലോബിയിലൂടെ ആഴ്സണൽ തിരിച്ചടിച്ചെങ്കിലും അതൊരു ആശ്വാസ ഗോൾ മാത്രമായിരുന്നു. മൂന്ന് മിനിറ്റുകൾ കൂടി പിന്നിട്ടപ്പോൾ ഹസാർഡ് തന്റെ രണ്ടാമത്തെ ഗോളിലൂടെ ആഴ്സണലിന്റെ അവശേഷിച്ച പോരാട്ട വീര്യം കൂടി തല്ലിക്കെടുത്തി.