ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ത്രസിപ്പിക്കുന്ന ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സിയെയാണ് ചെന്നൈയിന്‍ തോല്‍പ്പിച്ചത്. മൂന്ന് ഗോളുകളും പിറന്നത്  90 മിനിറ്റുകള്‍ക്ക് ശേഷമാണെന്നുള്ളതാണ് മത്സരത്തിന്റെ പ്രത്യേകത. ചെന്നൈയിന്‍ എഫ്‌സിയുടെ ആദ്യ ജയമാണിത്. ഹൈദരാബാദിന് ഇതുവരെ ടൂര്‍ണമെന്റില്‍ ജയിക്കാനായിട്ടില്ല. 

ആന്ദ്രേ ഷെംബ്രി, നെരിജസ് വാസ്‌കിസ് എന്നിവരാണ് ചെന്നൈയിനിന്റെ ഗോളുകള്‍ നേടിയത്. മാത്യു കില്‍ഗലോണിന്റെ വകയായിരുന്നു ഹൈദരാബാദിന്റെ ഏകഗോള്‍. 90 മിനിറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. എന്നാല്‍ 92ാം മിനിറ്റില്‍ ഷെംബ്രി ഗോള്‍ നേടി. മൂന്ന് മിനിറ്റുകള്‍ക്കകം കില്‍ഗലോണിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. എന്നാല്‍ 96ാം മിനിറ്റില്‍ വാസ്‌കിസിന്റെ ഗോള്‍ ചെന്നൈയിന് ജയമൊരുക്കി.

അഞ്ച് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയും ഒരു ജയവും ഉള്‍പ്പെടെ നാല് പോയിന്റാണ്  ചെന്നൈയിനുളളത്. ഇത്രയും മത്സരങ്ങളില്‍ നാല് ഹൈദരാബാദ് തോറ്റു. ഒരു സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് അക്കൗണ്ടിലുള്ളത്.