വിവാദങ്ങള്‍ നിറഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റാണ് ബ്രസീലില്‍ നടന്നുകൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ റഫറിയിങ് ശരിയല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
റിയോ ഡി ജനീറോ: വിവാദങ്ങള്‍ നിറഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റാണ് ബ്രസീലില്‍ നടന്നുകൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ റഫറിയിങ് ശരിയല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബ്രസീലിനെതിരെ സെമിയില്‍ അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന രണ്ട് അവസരങ്ങളില്‍ റഫറി വാറിന് (വീഡിയോ അസിസ്റ്റന്റ് റഫറി) പോയിരുന്നില്ല. മത്സരത്തില്‍ അര്‍ജന്റീന തോല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലൂസേഴ്‌സ് ഫൈനലില്‍ ചിലി- അര്‍ജന്റീന മത്സരത്തിലും റഫറിയുടെ അശ്രദ്ധ ഇരു ടീമുകളിലേയും ഒരോ താരത്തെ കുറച്ചു.
അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്കും ചിലിയുടെ നായകന്‍ ഗാരി മെഡെലിനുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. എന്നാല്‍ ചുവപ്പ് കാര്‍ഡിനുള്ള വകുപ്പൊന്നുമില്ലെന്നാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ബ്രസീലിനെതിരായ സെമി പോരാട്ടത്തിനു പിന്നാലെ മാച്ച് റഫറിമാരെ രൂക്ഷമായി വിമര്‍ശിച്ച മെസിക്ക് തൊട്ടടുത്ത മല്‍സരത്തില്‍ത്തന്നെ ചുവപ്പുകാര്‍ഡ് ലഭിച്ചതിനെ പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ലൂസേഴ്‌സിന് പിന്നാലെ മെഡല്‍ദാന ചടങ്ങ് ബഹിഷ്‌കരിച്ച മെസി, ചുവപ്പുകാര്‍ഡ് നല്‍കിയ റഫറിക്കും കോപ്പ അമേരിക്ക സംഘാടകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ത്തി.
എന്നാല്‍ ഇക്കാര്യത്തില്‍ മറ്റൊരു വഴിത്തിരിവ് കൂടിയുണ്ടായി. ചിലിയന്‍ താരം മെഡെലിന്റെ അഭിപ്രായം കൂടി പുറത്തുവന്നു. മെസിയെ പിന്തുണച്ചുകൊണ്ടാണ് മെഡെല്‍ സംസാരിച്ചത്. മെഡെല്‍ താരം തുടര്‍ന്നു... ''മെസിയോട് യോജിക്കുന്നു. ഈയൊരു സംഭവത്തിന് മഞ്ഞ കാര്‍ഡ് പോലും ലഭിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും ഉന്തും തള്ളുമുണ്ടായിയെന്ന് സത്യം തന്നെ. എന്നാല്‍ അത്രമാത്രമെ ഉണ്ടായിട്ടുള്ളൂ. അല്‍പം കൂടി പക്വതയോടെ ഈ സംഭവം റഫറിക്ക് കൈകാര്യം ചെയ്യാമായിരുന്നു.'' മെഡെല്‍ പറഞ്ഞു നിര്‍ത്തി. ചുവപ്പ് കാര്‍ഡിന് ആധാരമായ സംഭവത്തിന്‍റെ വീഡിയോ താഴെ.
