കഴിഞ്ഞ യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ കഴിഞ്ഞ സീസണില്‍ ബ്രെന്‍റ്ഫോർഡ് എഫ്‌സിലൂടെയാണ്(Brentford FC) ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തിരിച്ചെത്തിയത്. 

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പ് ഫുട്ബോളില്‍ മത്സരത്തിനിടെ ഹൃദയാഘാതം വന്നതിനെത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്സൺ(Christian Eriksen) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്. എറിക്സണുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാറിലെത്തിയതായി പ്രമുഖ ഫുട്ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രിയാസോ റൊമാനോ ട്വീറ്റ് ചെയ്തു. മൂന്ന് വര്‍ഷത്തേക്കാവും യുണൈറ്റഡുമായുള്ള എറിക്സന്‍റെ കരാര്‍. ഫ്രീ ഏജന്‍റായാണ് എറിക്സണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ കഴിഞ്ഞ സീസണില്‍ ബ്രെന്‍റ്ഫോർഡ് എഫ്‌സിലൂടെയാണ്(Brentford FC) ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തിരിച്ചെത്തിയത്. ആറുമാസത്തേക്കായിരുന്നു ബ്രെന്‍റ്ഫോർഡുമായി ക്രിസ്റ്റ്യന്‍ എറിക്സന്‍റെ കരാർ. ഇത് പൂര്‍ത്തിയായതോടെ ഫ്രീ ഏജന്‍റായ ക്രിസ്റ്റ്യന്‍ എറിക്സണ്‍ മാറിയിരുന്നു.

Scroll to load tweet…

യൂറോ കപ്പില്‍ ഹൃദയാഘാതം ഉണ്ടാവുമ്പോള്‍ ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാന്‍റെ താരമായിരുന്നു ക്രിസ്റ്റ്യന്‍ എറിക്സണ്‍. എന്നാല്‍ രോഗമുക്തനായെങ്കിലും ക്രിസ്റ്റ്യന്‍ എറിക്സനുമായുള്ള കരാർ ഇന്‍റര്‍ റദ്ദാക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായ താരങ്ങള്‍ക്ക് പേസ്മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ കളിപ്പിക്കില്ലെന്ന ഇറ്റാലിയൻ ലീഗിലെ കർശന നിയമത്തെ തുടർന്നായിരുന്നു ഇത്. ഇന്‍ററിലെത്തുന്നതിന് മുമ്പ് പ്രീമിയർ ലീഗില്‍ ടോട്ടനത്തിന്‍റെ താരമായിരുന്നു 30 കാരനായ ക്രിസ്റ്റ്യൻ എറിക്സൺ.

പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ പ്രതാപത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണ് യുണൈറ്റഡ്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തായി പോയ യുണൈറ്റഡിന് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാനായിരുന്നില്ല. തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ക്ലബ്ബ് വിടാനുള്ള ആഗ്രഹം അറിയിച്ചെങ്കിലും യുണൈറ്റഡ് റൊണാള്‍ഡോയെ കൈവിടില്ലെന്നാണ് റിപ്പോര്‍ട്ട്.