പ്രീമിയർ ലീഗ് മത്സരത്തില്‍ ലൂടണെതിരായ ഗോള്‍ നേട്ടത്തിന് പിന്നാലെയാണ് പിതാവിനെ വിട്ടയ്ക്കണം എന്ന ആവശ്യമുള്ള ടീഷർട്ട് ലൂയിസ് ഡയസ് കാണികൾക്ക് മുന്നില്‍ കാണിച്ചത്

ലൂടന്‍: നിർണായക മത്സരത്തില്‍ ഗോൾ നേട്ടത്തിന് പിന്നാലെ തോക്കിന്‍ മുനയിൽ തട്ടിക്കൊണ്ടുപോയ അച്ഛനെ വിട്ടയ്ക്കണമെന്ന ആവശ്യവുമായി ലിവർപൂളിന്റെ കൊളംബിയന്‍ ഫുട്ബോള്‍ താരം ലൂയിസ് ഡയസ്. പ്രീമിയർ ലീഗ് മത്സരത്തില്‍ ലൂടണെതിരായ ഗോള്‍ നേട്ടത്തിന് പിന്നാലെയാണ് പിതാവിനെ വിട്ടയ്ക്കണം എന്ന ആവശ്യമുള്ള ടീഷർട്ട് ലൂയിസ് ഡയസ് കാണികൾക്ക് മുന്നില്‍ കാണിച്ചത്. ഞായറാഴ്ച നടന്ന മത്സരത്തിനിടയിലാണ് ഈ സംഭവം. ബരന്‍കാസിലെ വീട്ടില്‍ നിന്ന് ഒക്ടോബര്‍ 28നാണ് ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ നാഷണൽ ലിബറേഷൻ ആർമി അംഗങ്ങൾ തോക്കിന്‍ മുനയിൽ തട്ടിക്കൊണ്ട് പോയത്.

തീവ്രസ്വഭാവമുള്ള ഗറില്ലാ പോരാളികളില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കിലും ലൂയിസിന്റെ അച്ഛനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കാറില്‍ കടത്തിക്കൊണ്ട് പോവുന്നതിനിടെയുണ്ടായ പൊലീസ് ഇടപെടലിലാണ് ലൂയിസിന്റെ അമ്മയെ രക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ ലൂയിസിന്റെ പിതാവ് ലൂയിസ് മാനുവൽ ഡയസ് ഇപ്പോഴും ഗറില്ലാ സംഘത്തിന്റെ പിടിയിലാണുള്ളത്. കുടുംബത്തിന്റെ നെടുംതൂണായ പിതാവിനെ മോചിപ്പിക്കണമെന്നാണ് സ്പാനിഷ് ഭാഷയില്‍ ലൂയിസ് ഡയസ് ടീ ഷർട്ടില്‍ എഴുതിയിരുന്നത്.

അമ്മയും സഹോദരങ്ങളും താനും ഏറെ ക്ലേശത്തിലൂടെയാണ് കടന്നുപോകുന്നത്. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്തതാണ് തങ്ങള്‍ നേരിടുന്ന ദുരിതം. പിതാവിനെ വീട്ടിലേക്ക് വിട്ടുകിട്ടിയാല്‍ മാത്രമാണ് ഈ മോശം അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂവെന്നാണ് മത്സരത്തിന് ശേഷം ലൂയിസ് പ്രതികരിച്ചത്. ലൂയിസിന്റഎ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ട് പോയത് നാഷണൽ ലിബറേഷൻ ആർമിയുടെ ഗറില്ലാ പോരാളികളാണെന്ന് കൊളംബിയന്‍ സർക്കാരും വിശദമാക്കിയിരുന്നു. സാഹചര്യം ഗുരുതരമാണെന്നും സർക്കാരും വിമതരും തമ്മിലുള്ള വെടിനിർത്തൽ അവസാനിച്ചിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കൊളംബിയന്‍ മന്ത്രി ലൂയിസ് ഫെർണാഡോ വെലാസ്കോ മാധ്യമങ്ങളോട് വിശദമാക്കിയത്. അതിനിടെ ലൂയിസിന്റെ പിതാവിനെ വിട്ടയ്ക്കുന്നതിന് സുരക്ഷാ നിബന്ധനകൾ ഗറില്ലാ സംഘം മുന്നോട്ട് വച്ചതായാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ നടക്കുന്ന പൊലീസിന്റെയും സൈന്യത്തിന്റേയും തെരച്ചിൽ ലൂയിസിന്റെ പിതാവിന്റെ മോചനം വൈകാന്‍ കാരണമാകുമെന്നാണ് ഗറില്ലാ സംഘത്തിന്റെ മുന്നറിയിപ്പ്. വലിയ രീതിയിലാണ് ലൂയിസിന്റെ പിതാവിനായുള്ള തെരച്ചിൽ കൊളംബിയന്‍ പൊലീസ് നടത്തുന്നത്. എന്തായാലും പിതാവിനെ തട്ടിക്കൊണ്ട് പോയത് രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തിക്കാന്‍ ഗോളടിച്ചതിന് ശേഷമുള്ള ടീ ഷർട്ട് ഉയർത്തിയുള്ള ആഘോഷത്തിന് സാധിച്ചിട്ടുണ്ട്. ലൂയിസിന്റെ ഗോൾ മികവിൽ മത്സരം സമനിലയിൽ പിരിഞ്ഞുു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം