ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ്, ജോൺ അരിയാസ് എന്നിവരടങ്ങുന്ന കൊളംബിയൻ മുന്നേറ്റ നിരയെ അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞുനിർത്തിയത് കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയാണ്.

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡിആർ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് കൊളംബിയ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കി. മെക്സിക്കോയിലെ ഗോദലഹര സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ട പ്രതിരോധ താരം ഡാനിയേൽ മുനോസാണ് കൊളംബിയയുടെ വിജയശിൽപി. ടൂർണമെന്‍റെൽ കൊളംബിയയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് പരാജയപ്പെടുത്തിയ കൊളംബിയ, ഈ ജയത്തോടെ ഗ്രൂപ്പിൽ 6 പോയിന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ആദ്യ മത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോയ്ക്ക് ഈ തോൽവി വൻ തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംപാസിയുടെ പോരാട്ടവും മുനോസിന്റെ രക്ഷാപ്രവർത്തനവും

മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയയാണ് ആധിപത്യം പുലർത്തിയത്. ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ്, ജോൺ അരിയാസ് എന്നിവരടങ്ങുന്ന കൊളംബിയൻ മുന്നേറ്റ നിരയെ അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞുനിർത്തിയത് കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയാണ്. മത്സരത്തിൽ ആറിലധികം നിർണായക രക്ഷപെടുത്തലുകളാണ് എംപാസി നടത്തിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഡാനിയേൽ മുനോസ് ഒരു തവണ വലകുലുക്കിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ലൂയിസ് ഡയസ് നേടിയ ഗോളും ഫൗളിനെ തുടർന്ന് റദ്ദാക്കപ്പെട്ടു.

ഒടുവിൽ മത്സരത്തിന്‍റെ 76-ാം മിനിറ്റിൽ കൊളംബിയ കാത്തിരുന്ന നിമിഷമെത്തി. പകരക്കാരനായി ഇറങ്ങിയ യുവാൻ ക്വിന്‍റെറോ നൽകിയ പന്തുമായി ബോക്സിലേക്ക് കുതിച്ച ഡാനിയേൽ മുനോസ് ഉതിർത്ത ലോങ് ഷോട്ട് കോംഗോ പ്രതിരോധത്തിൽ തട്ടി നേരിയ വ്യതിയാനത്തോടെ ഗോൾവലയുടെ ഇടത് കോണിലേക്ക് തുളച്ചുകയറി. അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി കോംഗോ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസിന്‍റെ തകർപ്പൻ സേവ് കൊളംബിയയ്ക്ക് വിജയം ഉറപ്പാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെതിരെ സമനില നേടിയാൽ കൊളംബിയയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാം. കോംഗോയ്ക്ക് അടുത്ത മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയാൽ മാത്രമേ നോക്കൗട്ട് പ്രതീക്ഷ നിലനിർത്താനാകൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക