കോപ്പ അമേരിക്ക ഫുട്ബോളിന് നാളെ തുടക്കം. ആതിഥേയരായ ബ്രസീൽ ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ നേരിടും. ഫുട്ബോൾ ആരാധകർക്ക് ഇനി ലാറ്റിനമേരിക്കൻ കാൽപ്പന്തുത്സവത്തിന്‍റെ നാളുകൾ. കോപ്പ അമേരിക്കയുടെ നാൽപ്പത്തിയാറാം പതിപ്പിൽ പന്ത്രണ്ട് ടീമുകളാണ് പന്തുതട്ടുന്നത്. തെക്കേ അമേരിക്കയിലെ പത്തുരാജ്യങ്ങളും വിരുന്നുകാരായി ജപ്പാനും ഖത്തറും. ആദ്യകിരീടത്തിനായി ബൂട്ടുകെട്ടുന്ന ലിയോണൽ മെസ്സിയിലാണ് എല്ലാ കണ്ണുകളും. 

അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനാവുകയാണ് ബ്രസീലിന്‍റെ നെയ്മർ. ഇന്ത്യൻ സമയം നാളെ രാവിലെ ആറിനാണ് കിക്കോഫ്. ബൊളീവിയയാണ് ബ്രസീലിന്‍റെ എതിരാളികൾ. റഷ്യൻ ലോകകപ്പിന് ശേഷം തോൽവി അറിയാതെ മുന്നേറുകയാണ് ടിറ്റെയുടെ ബ്രസീൽ.  2014 ലോകകപ്പ് ഫൈനലിലും 2015,2016 കോപ്പ ഫൈനലുകളിലും വീണ കണ്ണീരുണങ്ങാതെയാണ് അർജന്‍റീനയെത്തിയിരിക്കുന്നത്. 

നിലവിലെ ചാമ്പ്യൻമാരായ ചിലെയും ലൂയിസ് സുവാരസിന്‍റെ ഉറൂഗ്വേയും ഹാമിഷ് റോഡ്രിഗസിന്‍റെ കൊളംബിയയും ശക്തരാണ്. ഗ്രൂപ്പ് ഘട്ടത്തിൽ 18 മത്സരങ്ങളാണുള്ളത്. മുന്നിലെത്തുന്ന എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്കെത്തും. ജൂലൈ രണ്ടിനും മൂന്നിനുമാണ് സെമിഫൈനൽ.  ജൂലൈ എട്ടിന് മാരക്കാന സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം