സാവോപോളോ: കോപ്പ അമേരിക്കയിൽ പെറുവിനെ എതിരില്ലാത്ത അ‍ഞ്ചു ഗോളിന് തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ബ്രസീലിന്‍റെ മുന്നേറ്റം.

വെനസ്വേലയോട് ഗോൾരഹിത സമനില വഴങ്ങിയതിന് ബ്രസീൽ കണക്കുതീർത്തത് പെറുവിന്‍റെ പോസ്റ്റിൽ. തുടക്കമിട്ടത് കാസിമിറോ, പന്ത്രണ്ടാം മിനിറ്റിൽ. ബ്രസീലിയൻ ജഴ്സിയിൽ കാസിമിറോയുടെ ആദ്യ ഗോൾകൂടിയായിരുന്നു ഇത്. പെറുഗോളിയുടെ പിഴവ് മുതലെടുത്ത റോബർട്ടോ ഫിർമിനോയുടെ ഊഴമായിരുന്നു ഇരുപത്തിയൊന്നാം മിനിറ്റിൽ.

ടീമിൽ തിരിച്ചെത്തിയ എവർട്ടൻ സാന്‍റോസിന്‍റെ മിന്നുംഗോളായിരുന്നു പിന്നെ. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ഡാനി ആൽവസിന്‍റെ ഊഴം. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, വില്യന്‍റെ സുന്ദര ഗോൾ. റിച്ചർലിസണും നെരസിനും പകരം ഗബ്രിയേൽ ജീസസിനെയും എവേർട്ടന്‍ ഉൾപ്പെടുത്തി ഇറങ്ങിയ ബ്രസീൽ ഏഴ് പോയിന്‍റോടെയാണ് ഗ്രൂപ്പ് ചാമ്പ്യൻമാരായത്.