മറഡോണയും റിക്വൽമിയും ബാറ്റിസ്റ്റ്യൂട്ടയും അർജന്‍റീനിയൻ ഇതിഹാസങ്ങളെങ്കിൽ ആ പട്ടികയിൽ എയ്ഞ്ചൽ ഡി മരിയയുമുണ്ടാകും.
ഫ്ലോറിഡ: കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കളെ നാളെ പുലര്‍ച്ചെ അറിയാം. ഫ്ലോറിഡയിലെ മയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ അർജന്‍റീന, 2001ലെ ചാംപ്യന്മാരായ കൊളംബിയയെ നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് ഫൈനല്‍. ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണമില്ല. ലൈവ് സ്ട്രീമിംഗിലും ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ലെങ്കിലും വിപിഎന്‍ വഴി നിരവധി വെബ്സൈറ്റുകള്‍ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. ഇതുവഴി ആരാധകര്‍ക്ക് മത്സരം കാണാനാകും.
ടൂർണമെന്‍റില്‍ അർജന്‍റീന ആദ്യമായി ശക്തരും ഫോമിലുള്ളവരുമായ എതിരാളികളെ നേരിടുന്നു എന്നതാണ് നാളത്തെ പോരാട്ടത്തിന്‍റെ പ്രത്യേകത. 23 വർഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ കളിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന മത്സരത്തിനാണ് അര്‍ജന്‍റീനയുടെ ഏഞ്ചൽ ഡി മരിയ നാളെ ഇറങ്ങുന്നത്. കിരീട വരൾച്ചയിൽ നിന്നും അർജന്‍റീനയെ വിശ്വവിജയികളാക്കിയാണ് ഡി മരിയയുടെ പടിയിറക്കം. അതുകൊണ്ട് തന്നെ കിരീടത്തോടെ ഡി മരിയക്ക് യാത്രയയപ്പ് നല്‍കാനാണ് അര്‍ജന്‍റീന ഇറങ്ങുന്നത്.
മറഡോണയും റിക്വൽമിയും ബാറ്റിസ്റ്റ്യൂട്ടയും അർജന്‍റീനിയൻ ഇതിഹാസങ്ങളെങ്കിൽ ആ പട്ടികയിൽ എയ്ഞ്ചൽ ഡി മരിയയുമുണ്ടാകും. നീലകുപ്പായക്കാരുടെ ഉയർച്ച താഴ്ച്ചകളോടൊപ്പം 17 വർഷം, അവസാനത്തെ അന്താരാഷ്ട്ര ടൂർണമെന്‍റാകും ഈ കോപ്പയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ് താരം. നേട്ടങ്ങളുടെ പട്ടികയിൽ ലോകകപ്പും കോപ്പയും മാത്രമല്ല ഒളിംപിക്സ് സ്വർണ്ണവും ഫൈനലിസമയുമുണ്ട്, ഈ നാലു ഫൈനലുകളിലും അർജന്റീനയ്ക്കായി ഗോളടിച്ച ഏക താരവും ഡി മരിയ തന്നെയാണ്.
ഒന്നരപതിറ്റാണ്ടു നീണ്ട കരിയറിൽ ലിയോണൽ മെസിയുടെ നിഴലിലെഴുതപ്പെടാതെ പോയ കവിതയാകാം ഡി മരിയയുടെത്, ദേശീയ ടീമിനൊപ്പം 144 മത്സരങ്ങൾ, ഗോൾ നേട്ടത്തിൽ ആറാമൻ. ഡി മരിയയ്ക്ക് വേണ്ടി കപ്പുയർത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു സാക്ഷാൽ ലിയോണല്‍ മെസി. ഒരു പക്ഷെ തന്‍റെയും അവസാന കോപ്പ ഫൈനലിനിറങ്ങുമ്പോൾ കൂടെ വിജയ മാലാഖ കൂടെ ഉണ്ടെന്ന വിശ്വാസമാകാം അത്. ഇതിഹാസത്തിന്‍റെ പടിയിറക്കത്തിന് കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാകില്ലല്ലോ.
എന്നാല്‍ തുടര്‍ച്ചയായി 27 മത്സരങ്ങള്‍ പരാജയമറിയാതെ എത്തുന്ന ഹാമിഷ് റോഡ്രിഗസിന്‍റെ കൊളംബിയ ചില്ലറക്കാരല്ല. സെമിയില്‍ കരുത്തരായ യുറുഗ്വേയെ മുട്ടുകുത്തിച്ചാണ് അവര്‍ ഫൈനലിലെത്തിയത്. അര്‍ജന്‍റീനയും കൊളംബിയയും ഇതുവരെ 43 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില് 26 തവണയും ജയിച്ചത് അര്‍ജന്‍റീന തന്നെ. ഒമ്പത് വിജയങ്ങള്‍ കൊളംബിയക്കും. എട്ട് മത്സരങ്ങള്‍ സമനിലയായി. 2021ലെ കോപ്പ സെമിയില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ നിശ്ചിത സമയത്ത് 1-1 സമനിലയായി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി അര്‍ജന്‍റീന ഫൈനലിലെത്തി. 2019ലാണ് അവസാനം കൊളംബിയ അര്‍ജന്‍റീനയെ വീഴ്ത്തിയത്. കോപ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്‍റീനയെ കൊളംബിയ ഞെട്ടിച്ചത്.
