സാവോപോളോ: കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ നാളെ ഇറങ്ങുന്നു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 6.30ന് നടക്കുന്ന മത്സരത്തില്‍ പരാഗ്വെയാണ് എതിരാളികൾ. എതിരാളികളുടെ ഗോൾവല നിറച്ചാണ് ബ്രസീൽ ഗ്രൂപ്പ് ഘട്ടം കടന്നത്. മൂന്ന് കളിയിൽ നിന്നും എട്ട് ഗോളുകളാണ് നേടിയത്. പരാഗ്വെയാകട്ടെ മികച്ച മൂന്നാം സ്ഥാനക്കാരുടെ സീറ്റിൽ ഒരുവിധത്തിൽ കടന്നുകൂടുകയായിരുന്നു.

നെയ്മറില്ലെങ്കിലും ബ്രസീലിന് ആശങ്കയില്ല. കുട്ടീഞ്ഞോ,വില്യൻ,എവർട്ടൺ തുടങ്ങി ഗോളടിക്കാനും അടിപ്പിക്കാനും പോന്ന ഒരുപിടി താരങ്ങൾ. എന്നാൽ അർജന്‍റീനയെ സമനിലയിൽ തളച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് പരാഗ്വെ വരുന്നത്. പ്രതിരോധത്തിൽ ബ്രസീലിനെ വെല്ലാൻ ആരുമില്ല. തിയാഗോ സിൽവയെയും ഡാനി ആൽവസിനെയും മറികടക്കുക ഏത് ടീമിനും വെല്ലുവിളിയാണ്. ടൂർണമെന്‍റിൽ ഇതുവരെ ഒരു ഗോളുപോലും ടിറ്റെയുടെ കുട്ടികൾ വഴങ്ങിയിട്ടുമില്ല.

വെനസ്വേലയാണ് അർജന്‍റീനയ്ക്ക് ക്വാർട്ടറിൽ എതിരാളികൾ. അവസാന പോരാട്ടത്തിൽ നീലപ്പടയെ കെട്ടുകെട്ടിച്ച ആത്മവിശ്വാസം വെനസ്വേലയ്ക്കുണ്ട്. ബ്രസീലും അർജന്‍റീനയും ജയിച്ചാൽ ആരാധകർ കാത്തിരിക്കുന്ന സെമി പോരാട്ടം.