Asianet News Malayalam

വല ചുംബിച്ച് ഡി മരിയ; സ്വപ്‌ന ഫൈനലിന്‍റെ ആദ്യപകുതിയില്‍ അര്‍ജന്‍റൈന്‍ പുഞ്ചിരി

സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രങ്ങള്‍ക്ക് 22-ാം മിനുറ്റില്‍ സന്തോഷപ്പുഞ്ചിരി

Copa America Final 2021 Argentina v Brazil halftime report
Author
Maracanã, First Published Jul 11, 2021, 6:19 AM IST
  • Facebook
  • Twitter
  • Whatsapp

മാരക്കാന: കോപ്പ അമേരിക്കയിലെ സ്വപ്‌ന ഫൈനലില്‍ ആദ്യപകുതിയില്‍ അര്‍ജന്‍റീനയ്‌ക്ക് മേല്‍ക്കൈ. മാരക്കാനയില്‍ 45 മിനുറ്റും ഒരു മിനുറ്റ് ഇഞ്ചുറിടൈമും പൂര്‍ത്തിയായപ്പോള്‍ 1-0ന് മെസിയും സംഘവും ലീഡ് ചെയ്യുകയാണ്. 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയുടെ കാലുകളില്‍ നിന്നായിരുന്നു അര്‍ജന്‍റീനയുടെ സുന്ദര ഗോള്‍. 

സ്വപ്ന ഫൈനലില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. റിച്ചാര്‍ലിസണെയും നെയ്‌മറെയും എവര്‍ട്ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂക്കാസ് പക്വേറ്റയും മധ്യനിരയില്‍. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ നായകന്‍ തിയാഗോ സില്‍വയ്‌ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്‌സണായിരുന്നു ഗോള്‍ബാറിന് കീഴെ ഗ്ലൗസണിഞ്ഞത്. 

അതേസമയം 4-4-2 ശൈലിയാണ് കളത്തില്‍ സ്‌കലോണി സ്വീകരിച്ചത്. സ്‌ട്രൈക്കര്‍മാരായി ലിയോണല്‍ മെസിയും ലൗറ്ററോ മാര്‍ട്ടിനസും ബൂട്ടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു. പ്രതിരോധക്കോട്ടയില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ഗോണ്‍സാലോ മോണ്ടിയേലും മാര്‍ക്കോസ് അക്യൂനയും സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. സെമി ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ. 

വരവറിയിച്ച് ഡി മരിയ

സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രങ്ങള്‍ക്ക് 22-ാം മിനുറ്റില്‍ സന്തോഷപ്പുഞ്ചിരി. മൈതാന മധ്യത്തുനിന്ന് ബ്രസീലിയന്‍ പ്രതിരോധത്തെ കാഴ്‌ചക്കാരനാക്കി ഡി പോള്‍ നല്‍കിയ ലോംഗ് പാസ് ഫസ്റ്റ് ടച്ചില്‍ മനോഹരമായി സ്വീകരിച്ച ഡി മരിയ എഡേഴ്‌സണിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കിയതോടെ അര്‍ജന്‍റീന 1-0ന് മുന്നിലെത്തുകയായിരുന്നു. മരിയയിലെത്തും മുമ്പ് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ലോദിക്ക് പിഴച്ചതാണ് കാനറികള്‍ക്ക് തിരിച്ചടിയായത്. 29-ാം മിനുറ്റില്‍ മരിയ-മെസി സഖ്യം തുടക്കമിട്ട നീക്കം ബ്രസീല്‍ പ്രതിരോധം നിര്‍വീര്യമാക്കി. 

തൊട്ടുപിന്നാലെയും ആക്രമണങ്ങള്‍ കൊണ്ട് അര്‍ജന്‍റീന കളംനിറഞ്ഞു. നെയ്‌മറെ 33-ാം മിനുറ്റില്‍ ഫൗള്‍ ചെയ്ത പരേഡസ് മഞ്ഞക്കാര്‍ഡ് കണ്ടെങ്കിലും ബോക്സിന് പുറത്തുനിന്നുള്ള ഫ്രീകിക്ക് നെയ്‌മര്‍ക്ക് മുതലാക്കാനായില്ല. 43-ാം മിനുറ്റില്‍ ബ്രസീലിനെ ഒപ്പമെത്തിക്കാന്‍ എവര്‍ട്ടന്‍ ശ്രമിച്ചെങ്കിലും മാര്‍ട്ടിനസ് അനായാസമായി പന്ത് പിടികൂടി. പിന്നാലെ ലഭിച്ച കോര്‍ണ‍ര്‍ കിക്കും ബ്രസീലിന് ഗുണകരമായില്ല. 

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios