Asianet News MalayalamAsianet News Malayalam

കോപ്പയിൽ കളിക്കാനായി ബ്രസീലിലെത്താം, പക്ഷെ... വ്യത്യസ്ത ആവശ്യവുമായി അർജന്റീന

ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്നും മെസ്സിയും സംഘവും ബ്രസീലിൽ കളിക്കുമെന്നും അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ.

Copa America Football: Argentina to play in brazil but won't stay there
Author
Argentina, First Published Jun 9, 2021, 10:42 AM IST

ബ്യൂണസ് അയേഴ്സ്: കോപ്പ അമേരിക്കയിൽ പങ്കാളിത്തം ഉറപ്പാക്കിയെങ്കിലും വ്യത്യസ്തമായൊരു ആവശ്യവുമായി അർജന്റീന. ടൂർണമെന്റിനിടെ ടീമിന്റെ പരിശീലനം സ്വന്തം നാട്ടിൽ തന്നെ നടത്തണമെന്നാണ് അർജന്റൈൻ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അർജന്റീന വേദിയാവേണ്ടിയിരുന്ന കോപ്പ അമേരിക്ക അവസാന നിമിഷമാണ് ബ്രസീലിലേക്ക് മാറ്റിയത്. അർജന്റീനയിലെ കൊവിഡ് വ്യാപനമാണ് വേദിമാറ്റത്തിന് കാരണം. ബ്രസീലിലും സമാന സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാ​ഗം ടീമുകളിലെ താരങ്ങളും തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്നും മെസ്സിയും സംഘവും ബ്രസീലിൽ കളിക്കുമെന്നും അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയത്.

ടീമിന്റെ പരിശീലനം അർജന്റീനയിൽ നടത്താൻ അനുവദിക്കണമെന്ന ഉപാധിയിലാണ് എഎഫ്എയുടെ സമ്മതം. ഇതനുസരിച്ച് മത്സരത്തിന്റെ തലേദിവസം മാത്രമേ അർജന്റൈൻ ടീം ബ്രസീലിൽ എത്തൂ. മത്സരശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ടീമിന്റെ പരിശീലനവും താമസവും അർജന്റീനയിൽ തന്നെയായിരിക്കും.

ഇതിനായി അർജന്റൈൻ നഗരമായ എസെയ്സയിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു മുൻകരുതലെന്നും എ എഫ് എ കോൺമെബോളിനെ അറിയിച്ചു. ഈമാസം പതിനാലിന് ചിലിയ്ക്കെതിരെയാണ് അർജന്റീയുടെ ആദ്യമത്സരം. ഇന്ത്യൻ സമയം പതിനഞ്ചിന് പുലർച്ചെ രണ്ടരയ്ക്കാണ് കളി തുടങ്ങുക.

Follow Us:
Download App:
  • android
  • ios