റിയോ ഡി ജനീറോ: കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതിന് പിന്നാലെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റും മാറ്റിവച്ചു. അടുത്തവര്‍ഷത്തേക്കാണ് ടൂര്‍ണമെന്റ് മാറ്റിയത്. ജൂണ്‍-ജൂലൈ മാസങ്ങളിലായിരുന്നു ലാറ്റിനമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്ക അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ടിയിരുന്നത്.

1983നുശേഷം ആദ്യമായി രണ്ട് രാജ്യങ്ങള്‍ വേദിയാവുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ കോപ്പയ്ക്കുണ്ടായിരുന്നു. കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പും മാറ്റിവെച്ചിരുന്നു. ടൂര്‍ണമെന്റ് മാറ്റിവെക്കാത്തത്തില്‍ കളിക്കര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ലിബര്‍ട്ട‍ഡോറസ് കപ്പ് മാറ്റിയത്.

കൊവിഡ് ആശങ്കയെത്തുടര്‍ന്ന് പ്രധാന ഫുട്ബോള്‍ ലീഗുകളെല്ലാം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാമണ്. ഈ സാഹചര്യത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്തിയാലും ലീഗ് പൂര്‍ത്തിയാവാതെ പ്രമുഖ കളിക്കാരെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഇത് കണക്കിലെടുത്താണ് ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്.