റിയോ ഡി ജനെയ്റോ: ലാറ്റിനമേരിക്കൻ ഫുട്ബോളിലെ തീ പാറും പോരാട്ടം വരുന്നു. ലാറ്റിനമേരിക്കക്കാരുടെ ക്ലബ് ലോകകപ്പാണ് കോപ്പ ലിബർട്ടഡോറസ്. ഈ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇത്തവണ മുഖാമുഖം വരുന്നത്, ബ്രസീലിലെയും അർജന്റീനയിലെയും മുൻനിര ക്ലബ്ബുകളാണ്. കോപ്പാ ലിബർട്ടഡോറസ് ഫൈനലിൽ അർജന്റീനയിൽ നിന്നുള്ള റിവർപ്ളേറ്റും ഫ്ലെമിംഗോ റിയോ ഡി ജനയ്റോയും ഏറ്റുമുട്ടും.

നവംബർ 23 നു ചിലിയിലെ സാന്റിയാഗോയിലാണ് കലാശക്കളി. ദക്ഷിണ അമേരിക്കൻ ക്ളബ്  ഫുട്ബാൾ അധിപന്മാരെയാണ് ഇതിലൂടെ തെരഞ്ഞെടുക്കുന്നത്. റിവർപ്ലേറ്റ് അവരുടെ പരമ്പരാഗത എതിരാളികളായ ബൊക്കാ ജൂനിയേഴ്സിനോട് രണ്ടാം പാദ സെമിയിൽ ഒരു ഗോളിന് പരാജയപ്പെട്ടുവെങ്കിലും ആദ്യ പാദ മത്സരത്തിൽ  രണ്ടു ഗോളുകൾക്ക് വിജയിക്കാനായതാണ് തുണയായത്.

ഗ്രെമിയോയെ ഏകപക്ഷീയമായ 5 ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ടാണ് സീക്കോയുടെ പിൻഗാമികൾ ഫൈനലിലെത്തിയത്. ഇതോടെ 6 - 1 എന്ന ആഗ്രഗേറ്റ് സ്കോറായി. നീണ്ട 38 വർഷങ്ങൾക്ക് ശേഷം ഫ്ലെമെംഗോ കോപ്പ ലിബർട്ടഡോറസ് ഫൈനലിൽ കടക്കുന്നത്. ഫുട്‌ബോളിന്റെ മെക്കയായ മാറക്കാനയിൽ ഗ്രെമിയോയ്ക്കു വേണ്ടി ഗാബിഗോൾ ഇരട്ട ഗോളടിച്ചപ്പോൾ, വിംഗർ ബ്രൂണോ ഹെൻറിക്കെ സ്റ്റോപ്പർ ബാക്കുകളായ റോഡ്രിഗോ കായോ, പാബ്ലോ എന്നിവർ പട്ടിക തികച്ചു.

ഫ്ലമീഷിന്റെ കനത്ത ആക്രമണ ഫുട്‌ബോളിന് മുന്നിൽ ജെറോമൽ നയിക്കുന്ന ഗ്രെമിയോ ഡിഫൻസിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. റിവർപ്ലേറ്റാണ് നിലവിലെ ജേതാക്കൾ. എന്തായാലും തീപാറുന്ന പോരാട്ടമാകും നടക്കുക. ലാറ്റിനമേരിക്കയിലെ പരമ്പരാഗത ചാമ്പ്യൻഷിപ്പാണിത്. ബ്രസീൽ- അർജ ന്റെെൻ ആരാധകർ കൂട്ടത്തോടെ എത്തുന്നതു കൊണ്ടു തന്നെ രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമായി ഇതു മാറും.