പ്രഖ്യാപിച്ച ടീമിലെ 20 താരങ്ങൾക്ക് കൊവിഡ്. നാല് ഗോൾ കീപ്പർമാരും രോഗികൾ. ബാക്കിയുള്ളത് കഷ്ടിച്ച് കളിക്കാനുള്ള 11 താരങ്ങൾ. നേരത്തെ 50 പേരെ രജിസ്റ്റർ ചെയ്യാൻ അനുമതി ഉണ്ടായിരുന്നെങ്കിലും അപകടം പ്രതീക്ഷിക്കാത്ത തിനാൽ 32 പേരെ മാത്രമാണ് ടീം രജിസ്റ്റർ ചെയ്തത്.

ബ്യൂണസ് അയേസ്ഴ്: യൂറോപ്യൻ ക്ലബുകളുടെ മത്സരങ്ങളല്ലാതെ ഫുട്ബാൾ ആരാധകർ പൊതുവേ മറ്റു രാജ്യങ്ങളിലെ ടൂർണമെന്‍റുകൾക്ക് വലിയ പ്രാധാന്യം നൽകാറില്ല. അതുകൊണ്ടുതന്നെ അ‍‍ർജന്‍റൈൻ ടീം റിവർപ്ലേറ്റ് കഴിഞ്ഞ ദിവസം നേടിയ ഒരു വിജയം ആദ്യം അധികമാരും അറിഞ്ഞില്ല. എന്നാല്‍ അറിഞ്ഞുവന്നപ്പോഴോ പാടി പുകഴ്ത്താന്‍ വാക്കുകളില്ലാതെ പാടുപെടുകയാണിപ്പോള്‍ ഫുട്ബോള്‍ ലോകം.

കോവിഡ് കാലത്തെ അതിജീവന കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. ലാറ്റിനമേരിക്കൻ വമ്പന്മാർ ഏറ്റുമുട്ടുന്ന കോപ്പ ലിബർട്ടഡോറസ് ടൂർണമെന്‍റിൽ കൊളംബിയൻ ടീമായ സാന്‍റഫെ ക്കെതിരെ റിവർ പ്ലേറ്റ് നേടിയ ജയവും ഇനി അങ്ങനെ എഴുതപ്പെടും. സാന്‍റഫെ ക്കെതിരെ ഇറങ്ങുമ്പോൾ ടീമില്‍ 11 പേരെ തികക്കാൻ ആളില്ലാത്ത അവസ്ഥയിൽ ആയിരുന്നു റിവർ പ്ലേറ്റ്.

പ്രഖ്യാപിച്ച 32 അംഗ ടീമിലെ 20 താരങ്ങൾക്ക് കൊവിഡ്. നാല് ഗോൾ കീപ്പർമാരും കൊവിഡ് ബാധിതര്‍. ബാക്കിയുള്ളത് കഷ്ടിച്ച് കളിക്കാനുള്ള 11 താരങ്ങൾ. നേരത്തെ 50 പേരെ രജിസ്റ്റർ ചെയ്യാൻ അനുമതി ഉണ്ടായിരുന്നെങ്കിലും അപകടം പ്രതീക്ഷിക്കാത്ത തിനാൽ 32 പേരെ മാത്രമാണ് ടീം രജിസ്റ്റർ ചെയ്തത്. ഒടുവിൽ പരിക്കിന്‍റെപിടിയിലായിരുന്ന മധ്യനിര താരം എൻസോ പെരസിന് ഗോള്‍ കീപ്പറുടെ കൈയുറ നൽകി കളത്തിലേക്ക്.

പിന്നെ ജീവൻ മരണ പോരാട്ടം. തുടക്കത്തിൽ തന്നെ ലീഡ്. ആറാം മിനിറ്റിൽ 2-0 ന് ടീം മുന്നിലെത്തി. പ്രതിരോധിച്ചു നിന്നതിനാൽ കളിയിൽ സാന്‍റഫേ താരങ്ങളുടെ കാലിൽ തന്നെയായിരുന്നു ഭൂരിഭാഗം സമയവും പന്ത്. രണ്ടാം പകുതിയിൽ ഒരു ഗോൾ വഴങ്ങി. പക്ഷേ ആദ്യമായി ഗോളിയായി ഇറങ്ങിയ എൻസോ പെരസിന്‍റെ പ്രകടനമാണ് കളിയിൽ റിവർ പ്ലേറ്റിനെ പിടിച്ച് നിർത്തിയത്. ജയത്തോടെ അഞ്ചു കളിയിൽ ഒമ്പത് പോയിന്‍റുമായി റിവർ പ്ലേറ്റ് ഗ്രൂപ്പിൽ ഒന്നാമത്.

ഇതിഹാസ താരം ആൽഫ്രഡോ ഡീ സ്റ്റെഫാനോ, പ്രമുഖ താരങ്ങൾ ആയ പാബ്ലോ അയ്‌മർ, ഹെർനാൻ ക്രെസ്പോ, മഷറാനോ, ഹിഗ്വൈൻ, ഫൽകാവോ, സാവിയോള തുടങ്ങിയ വർ ഒക്കെ പന്ത് തട്ടിയ ക്ലബ്ബാണ് റിവർ പ്ലേറ്റ്. കോവിഡിനോട് പടവെട്ടി നേടിയ അവിസ്മരണീയ ജയം കായിക പ്രേമികൾക്ക് ആവേശമാവുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona