Asianet News MalayalamAsianet News Malayalam

സര്‍ക്കാരിന്റെ കൊവിഡ് ഫണ്ടിനുള്ള അപേക്ഷ പിന്‍വലിച്ച് ആരാധകരോട് മാപ്പ് പറഞ്ഞ് ലിവര്‍പൂള്‍

ഒരു വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി സര്‍ക്കാരിന്റെ കൊറോണ പുനരധിവാസ പദ്ധതിക്കായി  അപേക്ഷിച്ചത് തീര്‍ത്തും തെറ്റായിപ്പോയെന്ന് മൂര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

Covid 19: Liverpool apologise to fans for furlough, reverse decision
Author
Liverpool, First Published Apr 7, 2020, 2:47 PM IST

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ കൊവിഡ് ഫണ്ടില്‍ നിന്ന് ഒരു വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച് ആരാധകരോട് മാപ്പു പറഞ്ഞ് ലിവര്‍പൂള്‍. കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലാവുന്ന ചെറുകിട സ്വകാര്യ കമ്പനികളെ സഹായിക്കാനായി ജീവനക്കാരുടെ ശമ്പളത്തിന്റെ 80 ശതമാനത്തോളം നല്‍കുന്ന പദ്ധതി ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ലിവര്‍പൂളും പോയവാരം അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ കോടിക്കണക്കിന് പൌണ്ട് വാര്‍ഷിക ലാഭം നേടുന്ന പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യമുള്ള ക്ലബ്ബുകളിലൊന്നായ ലിവര്‍പൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി ദുരുപയോഗിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം പിന്‍വലിച്ച് ആരാധകരോട് മാപ്പു പറയുന്നുവെന്ന് ക്ലബ്ബ് സിഇഒ പീറ്റര്‍ മൂര്‍ വ്യക്തമാക്കിയത്. 

ഒരു വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി സര്‍ക്കാരിന്റെ കൊറോണ പുനരധിവാസ പദ്ധതിക്കായി  അപേക്ഷിച്ചത് തീര്‍ത്തും തെറ്റായിപ്പോയെന്ന് മൂര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചത് മൂലം ജിവനക്കാര്‍ക്ക് പരമാവധി സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നത് മാത്രമായിരുന്നു തങ്ങളുടെ ഉദ്ദേശമെന്നും ജീവനക്കാരുടെ ശമ്പളം മടുങ്ങാതിരിക്കാനായി പകരം പദ്ധതി ആലോചിക്കുമെന്നും മൂര്‍ പറഞ്ഞു. കളിക്കാരുടെയും മുതിര്‍ന്ന ജീവക്കാരുടെയും ശമ്പളം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് ഈ ആഴ്ച അവസാനം ചര്‍ച്ചകള്‍ നടത്തുമെന്നും മൂര്‍ പറഞ്ഞു.

ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഓരോ ടീമിനും 9-10 മത്സരങ്ങള്‍ ബാക്കിയിരിക്കെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിന് രണ്ട് ജയങ്ങള്‍ കൂടി നേടിയാല്‍ 1990ന് ശേഷം ആദ്യമായി ലീഗ് കീരിടം ഉയര്‍ത്താം.

ആകെ 533 ദശലക്ഷം(5000 കോടി രൂപ) വിറ്റുവരവുള്ള ലിവര്‍പൂള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 42 ദശലക്ഷം പൌണ്ട്(393 കോടി രൂപ) ലാഭം രേഖപ്പെടുത്തിയിരുന്നു. ലിവര്‍പൂളിന്റെ തീരുമാനത്തിനെതിരെ ജാമി കാരഗര്‍ അടക്കമുള്ള മുന്‍താരങ്ങളും മറ്റ് ക്ലബ്ബുകളും രംഗത്തുവന്നിരുന്നു. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ആദ്യം ഏപ്രില്‍ 30 വരെ മാറ്റിവെച്ച പ്രീമിയര്‍ ലീഗ് ബ്രിട്ടനിലെ കൊവിഡ് രോഗബാധയുടെ വ്യാപ്തി കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios