സൂറിച്ച്: കൊവിഡ് 19 വ്യാപനം തടയാനാവാത്ത സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ച് യുവേഫ. ജൂണില്‍ നടക്കേണ്ടിയിരുന്ന രാജ്യാന്തര സൌഹൃദ മത്സരങ്ങളും യൂറോ പ്ലേ ഓഫ് മത്സരങ്ങളും അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവക്കുന്നതായി യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതി അറിയിച്ചു. 

ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന യുവേഫ ഫുട്‍സാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലും മാറ്റി. പുരുഷ, വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളും യൂറോപ്പ ലീഗ് ഫൈനലും മെയ് മാസത്തില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

ലോകത്ത് ഇതുവരെ ഒന്‍പത് ലക്ഷത്തോളം പേർക്കാണ് മഹാമാരിയായ കൊവിഡ് 19 പിടിപെട്ടത്. 44,000ത്തിലേറെ പേർക്ക് ജീവന്‍ നഷ്ടമായി. കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ഭൂഖണ്ഡമാണ് യൂറോപ്പ്. ഇറ്റലി- 12,428, സ്പെയിന്‍- 9,053, ഫ്രാന്‍സ്- 3,523, യു.കെ-2,352, നെതർലന്‍ഡ്- 1,173,  ജർമനി- 821, ബെല്‍ജിയം- 828,  എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക