ടൂറിന്‍: സീരി എയില്‍ യുവന്റസിന് ജയം. ബോളോഗ്നോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പൗളോ ഡിബാല എന്നിവരുടെ ഗോളിന്റെ പിന്‍ബലത്തിലായിരുന്നു യുവന്റസിന്റെ ജയം. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാള്‍ നാല് പോയിന്റ് ലീഡായി യുവന്റസിന്. 27 മത്സരങ്ങളില്‍ 66 പോയിന്റാണ് യുവന്റസിന്. ഒരു മത്സരം കുറവ് കളിച്ച ലാസിയോ 62 പോയിന്റുണ്ട്. 

23ാം മിനിറ്റില്‍ ഡി ലിറ്റിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ യുവന്റസിന് ലീഡ് നല്‍കി. ലീഗില്‍ 22ാം ഗോളായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റേത്. 36ാം മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ ഡിബാല യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കി. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു.

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ബേണ്‍ലിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി ജയിച്ചത്. ഫില്‍ ഫോഡന്‍, റിയാദ് മെഹ്‌റസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ഡേവിഡ് സില്‍വയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ലീഗില്‍ കിരീടമുറപ്പിച്ച ലിവര്‍പൂളിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. 30 മത്സരങ്ങളില്‍ 63 പോയിന്റാണ് സിറ്റിക്ക്. ഒന്നാമതുള്ള ലിവര്‍പൂളിന് 83 പോയിന്റുണ്ട്.