ടൂറിന്‍: സീരി എയില്‍ യുവന്റസിന് ജയത്തുടക്കം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് സാംപ്‌ഡോറിയയെ  തകര്‍ത്തു. ഒരു ഗോളും അസിസ്റ്റുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ സീസണ്‍ തുടക്കം ഗംഭീരമാക്കി. ദെജാന്‍ കുലുസേവ്‌സ്‌കി, ലിയോനാര്‍ഡോ ബൊനൂച്ചി എന്നിവരാണ് യുവന്റിന്റെ മറ്റു ഗോളുകള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ നാപോളി പാര്‍മയേയും ജെനോവ ക്രൊടോണിനേയും തോല്‍പ്പിച്ചു.

സാംപ്‌ഡോറിയക്കെതിരെ 13ാം മിനിറ്റില്‍ തന്നെ യുവന്റസ് മുന്നിലെത്തി. ക്രിസ്റ്റിയാനോയുടെ സഹായത്താല്‍ കുലുസേവ്‌സ്‌കി വലകുലുക്കി. ആദ്യ പകുതി അങ്ങനെ പിരിഞ്ഞു. 78ാം മിനിറ്റില്‍ ബൊനൂച്ചിയിലൂടെ രണ്ടാം ഗോളും പിറന്നു. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. പാര്‍മയ്‌ക്കെതിരായ മത്സരത്തില്‍ ഡ്രീസ് മെര്‍ട്ടന്‍സ്, ലൊറന്‍സ് ഇന്‍സിഗ്നെ എന്നിവരാണ് നാപോളിയുടെ ഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിന് ജയം

പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ രണ്ടിനെതിര നാല് ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചു. ക്രിസ് വുഡിന്റെ ഗോളിലൂടെ ബേണ്‍ലിയാണ് മുന്നിലെത്തിയത്. എന്നാല്‍ ഹാര്‍വി ബാര്‍ണസ് ലെസ്റ്ററിനെ ഒപ്പമെത്തിച്ചു.പിന്നീട് രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ താളം കണ്ടെത്തി. 50ാം എറിക് പീറ്റേഴ്‌സിന്റെ സെല്‍ഫ് ഗോള്‍ ലെസ്റ്ററിന് ലീഡ് സമ്മാനിച്ചു. 61ാം മിനിറ്റില്‍ ജയിംസ് ജസ്റ്റിനിലൂടെ ലീഡുയര്‍ത്തി. 73ാം മിനിറ്റില്‍ ജിമ്മി ഡുന്നെയുടെ ഗോളില്‍ ബേണ്‍ലി പ്രതീക്ഷ വീണ്ടെടുത്തു. എന്നാല്‍ 79ാം മിനിറ്റില്‍ ഡെന്നിസ് പ്രയേറ്റ് ലെസ്റ്ററിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി.