സ്പാനിഷ് ലീഗില്‍ രണ്ട് ക്ലബ്ബുകളിലായി റൊണാള്‍ഡോയും താനും പോരാടിയ വര്‍ഷങ്ങള്‍, ഫുട്ബോള്‍ ചരിത്രത്തില്‍എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പിഎസ്ജി സൂപ്പര്‍ താരം പറഞ്ഞു.

പാരീസ്: മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള(Manchester United) തിരിച്ചുവരവിലെ പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ(Cristiano Ronaldo) പ്രശംസിച്ച് അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി(Lionel Messi). ഏറെക്കാലത്തിനുശഷമുള്ള തിരിച്ചുവരവായിട്ടും, റൊണാള്‍‍ഡോയ്ക്ക് ടീമുമായി എളുപ്പത്തില്‍ ഒത്തിണങ്ങാന്‍ പറ്റി. തുടക്കം മുതലേ ഗോളുകള്‍ നേടാനായതും റൊണാൾഡോയുടെ മികവ് വ്യക്തമാക്കുന്നതായും മെസി സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

മഹാന്‍മാരായ താരങ്ങളുള്ള കരുത്തുറ്റ ടീമാണ് മാഞ്ചസ്റ്റര്‍. ക്രിസ്റ്റ്യാനോക്ക് ക്ലബ്ബിന് നല്ലപോലെ അറിയാം. എന്നാലും ഏറെക്കാലത്തിനുശേഷമുള്ള മടങ്ങിവരവ് മറ്റൊരു തലത്തിലാണ്. എന്നിട്ടും റൊണാള്‍ഡോക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായെന്നും തുടക്കം മുതല്‍ ഗോളുകള്‍ കണ്ടെത്താനായെന്നും മെസി വ്യക്തമാക്കി.

പ്രീമിയര്‍ ലീഗില്‍ നമ്മള്‍ വിചാരിച്ചപ്പോലെ എല്ലാം അനായാസം നടക്കില്ല. കടുത്ത മത്സരമുള്ള ലീഗില്‍ പലപ്പോഴും കാര്യങ്ങള്‍ മാറിമറിയാം. സ്പാനിഷ് ലീഗില്‍ രണ്ട് ക്ലബ്ബുകളിലായി റൊണാള്‍ഡോയും താനും പോരാടിയ വര്‍ഷങ്ങള്‍, ഫുട്ബോള്‍ ചരിത്രത്തില്‍എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പിഎസ്ജി സൂപ്പര്‍ താരം പറഞ്ഞു.

ഞാനും റൊണാള്‍ഡോയും ഒരേ ലീഗില്‍ പരസ്പരം മത്സരിച്ചിട്ട് വര്‍ഷങ്ങളായി. വ്യക്തിപരമായും ക്ലബ്ബിനുവേണ്ടിയും ഞങ്ങള്‍ പരസ്പരം പോരാടി. ഞങ്ങള്‍ക്കും ആരാധകര്‍ക്കും അത് നല്ലകാലമായിരുന്നു. അവര്‍ ഞങ്ങളുടെ പ്രകടനം ആസ്വദിച്ചിരുന്നു. മനോഹരമായ ഓര്‍മയാണത്. ഫുട്ബോള്‍ ചരിത്രത്തില്‍ അത് എക്കാലവും നിലനില്‍ക്കും.

അതേസമയം കിലിയന്‍ എംബാപ്പെ പിഎസ്ജിയിൽ തുടരുമോയെന്ന് അറിയില്ലെന്നും, സീസണൊടുവില്‍ ഫ്രഞ്ച് താരം തീരുമാനമെടുക്കുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ബാഴ്സലോണ പരിശീലകനായി മുന്‍ താരം സാവി എത്തിയതില്‍ സന്തോഷമുണ്ടെന്നും ബാഴ്സയെ വെള്ളം പോലെ അറിയാവുന്ന സാവിക്ക് കീഴില്‍ ബാഴ്സ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നും മെസി കൂട്ടിച്ചേര്‍ത്തു.