2026 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കലിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിച്ചു. പെട്ടെന്നൊരു തീരുമാനമെടുക്കില്ലെന്നും, 2016-ലെ യൂറോ കപ്പ് നേട്ടം തനിക്ക് ലോകകപ്പിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിശീലകൻ റോബർട്ടോ മാർട്ടിനസിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഡാളസ്: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് സ്വപ്നം അസ്തമിച്ചെങ്കിലും, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് പെട്ടെന്നൊരു തീരുമാനമെടുത്ത് വിരമിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് 41-കാരനായ താരം വ്യക്തമാക്കി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ കരിയറിനെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മനസ്സ് തുറന്നത്.
വൈകാരികമായ തീരുമാനങ്ങള്‍ എടുക്കില്ല
തന്റെ അവസാന ലോകകപ്പാണ് ഇതെന്ന് റൊണാള്‍ഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങളോട് അദ്ദേഹം പ്രതികരിച്ചു. 'ഇങ്ങനെയൊരു തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് മടങ്ങുന്നത് സങ്കടകരമാണ്. ഞാന്‍ പരമാവധി ശ്രമിച്ചു. എന്റെ മനസ്സാക്ഷി ശുദ്ധമാണ്. ഇത് എന്റെ അവസാന ലോകകപ്പാണ് എന്നത് ശരിയാണ്, എന്നാല്‍ ഇപ്പോള്‍ എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. ആവേഗത്തില്‍ വൈകാരികമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' റൊണാള്‍ഡോ പറഞ്ഞു.
പോര്‍ച്ചുഗലിനായുള്ള നേട്ടങ്ങള്‍
തന്റെ അന്താരാഷ്ട്ര കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടെന്ന് റൊണാള്‍ഡോ ഓര്‍മ്മിപ്പിച്ചു. താന്‍ വരുന്നതിന് മുമ്പ് ഒരു കിരീടം പോലും ഇല്ലാതിരുന്ന പോര്‍ച്ചുഗലിനെ മൂന്ന് തവണ ജേതാക്കളാക്കാന്‍ തനിക്ക് സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 യൂറോ കപ്പ് നേടിയത് തനിക്ക് ലോകകപ്പിന് തുല്യമായ നേട്ടമാണെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. 2019, 2025 യുവേഫ നേഷന്‍സ് ലീഗ് കിരീട വിജയങ്ങളും തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോബര്‍ട്ടോ മാര്‍ട്ടിനസിന് നന്ദി
ടീമിന്റെ ലോകകപ്പ് പുറത്താകലിന് പിന്നാലെ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് സ്ഥാനം ഒഴിഞ്ഞു. അദ്ദേഹത്തോടുള്ള ആദരവ് റൊണാള്‍ഡോ മറച്ചുവെച്ചില്ല. 'അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയൊരു അനുഭവമായിരുന്നു. മികച്ചൊരു പരിശീലകനും അതിലുപരി നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം. പോര്‍ച്ചുഗലിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.' റൊണാള്‍ഡോ കൂട്ടിചേര്‍ത്തു.

