എല്ലാ ബ്രസീലുകാര്‍ക്കും പ്രത്യേകിച്ച് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോയുടെ കുടുംബത്തിനും അഗാധമായ അനുശോചനം. വിട എന്ന വെറുമൊരു വാക്ക് മതിയാവില്ല ഫുട്ബോള്‍ ലോകം മുഴുവന്‍ നെഞ്ചിലേറ്റിയിരിക്കുന്ന പെലെയുടെ  വിയോഗത്തിലെ വേദന പ്രകടിപ്പിക്കാന്‍.

ലിസ്ബണ്‍: ഫുട്ബോള്‍ രാജാവ് പെലെയുടെ നിര്യാണത്തില്‍ പ്രതികരണവുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമൂഹമാധ്യമങ്ങളിലാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. എല്ലാ ബ്രസീലുകാര്‍ക്കും പ്രത്യേകിച്ച് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോയുടെ കുടുംബത്തിനും അഗാധമായ അനുശോചനം. വിട എന്ന വെറുമൊരു വാക്ക് മതിയാവില്ല ഫുട്ബോള്‍ ലോകം മുഴുവന്‍ നെഞ്ചിലേറ്റിയിരിക്കുന്ന പെലെയുടെ വിയോഗത്തിലെ വേദന പ്രകടിപ്പിക്കാന്‍.

ലക്ഷക്കണക്കിന് പേര്‍ക്ക് പ്രചോദനമായി ഇന്നലെയും ഇന്നും എന്നും പെലെയുണ്ടാവും. നിങ്ങള്‍ കാണിച്ച സ്നേഹം അകലെ ആയിരുന്നപ്പോള്‍ പോലും പ്രതിഫലിച്ചു. പെലെയെ ഒരിക്കലും മറന്നുപോകില്ല. ലോകത്തിലെ ഓരോ ഫുട്ബോള്‍ പ്രേമികളിലും അദ്ദേഹത്തിന്‍റെ ഓര്‍മ്മകളുണ്ടാവും. സമാധാനത്തില്‍ വിശ്രമിക്കൂ രാജാവെ എന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുറിപ്പ്. ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച റൊണാള്‍ഡോയ്ക്ക് പെലെ മറുപടി നല്‍കിയിരുന്നു.

പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നാണ് റൊണാള്‍ഡോ കുറിച്ചത്. ഇതിന് ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെ പ്രതികരിച്ചത്. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ച് അല്‍പം മുന്‍പാണ് പെലെ വിടവാങ്ങിയത്. ക്യാന്‍സര്‍ ബാധിതനായിരുന്ന പെലെയ്ക്ക് 82 വയസായിരുന്നു.

View post on Instagram