ലിസ്ബണ്‍: അര്‍ജന്റൈന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഡിയോഗോ മറഡോണയെ അനുസ്മരിച്ച് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാല്‍ഡോ. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ മറഡോണയ്ക്കൊപ്പം ഉള്ള ചിത്രം പങ്കുവച്ചാണ് പോര്‍ച്ചുഗല്‍ താരത്തിന്റെ അനുസ്മരണം. റഡോണ മരിച്ചെന്നുള്ള അപ്രതീക്ഷിത വാര്‍ത്തയാണ് ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം പത്തുമണിയോടെ പുറത്തുവരുന്നത്. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. എന്നാല്‍ പെട്ടന്നാണ് സ്ഥിതി മാറിയത്.

അനുസ്മരണ കുറിപ്പില്‍ ക്രിസ്റ്റ്യാനോ പറയുന്നു - ഞാന്‍ എന്റെ സുഹൃത്തിന് ഗുഡ് ബൈ പറയുന്നു, ലോകം അതിന്‍റെ അനശ്വരമായ പ്രതിഭയ്ക്കും. എക്കാലത്തെയും മികച്ചതാണ് അദ്ദേഹം. സമാനതകള്‍ ഇല്ലാത്ത ഇന്ദ്രജാലക്കാരന്‍. വളരെ പെട്ടന്നാണ അദ്ദേഹം പോയത്. അദ്ദേഹത്തിന്‍റെ പൈതൃകം അത് അതിരുകള്‍ ഇല്ലാത്തതാണ്, അദ്ദേഹം ബാക്കിവയ്ക്കുന്ന വിടവ് നികത്താന്‍ സാധിക്കാത്തതാണ്. നിത്യശാന്തി നേരുന്നു, അങ്ങ് ഒരിക്കലും വിസ്മൃതിയില്‍ ആകില്ല.

അതേ സമയം വിവിധ അന്തര്‍ദേശീയ മാധ്യമ ഹാന്‍റിലുകള്‍ ഇന്ത്യന്‍ സമയം 9.50 ഓടെ തന്നെ മറഡോണ അന്തരിച്ചു എന്ന സൂചനകള്‍ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മറഡോണയ്ക്ക് ഏറെ ആരാധകരുള്ള മലയാളം സൈബര്‍ ഇടത്തിലും അഭ്യൂഹങ്ങള്‍ വ്യാപകമായി. ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യേക്ഷപ്പെട്ടു. പത്ത് മണിയോടെ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ആദരാഞ്ജലികള്‍ ഏറെ നിറഞ്ഞൊഴുകുകയായിരുന്നു ഫേസ്ബുക്ക് വാളിലും, ട്വിറ്റര്‍ സ്ട്രീമുകളിലും.