മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടിയുള്ള ക്രിസ്റ്റിയാനോ കഴിഞ്ഞ സീസണില്‍ 24 ഗോള്‍ നേടിയിരുന്നു. ചെല്‍സി, നാപോളി എന്നീ ക്ലബുകള്‍ താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

മാഞ്ചസ്റ്റര്‍: ക്ലബ് വിടാനുള്ള ആഗ്രഹം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (Manchester United) അധികൃതരുമായി ചര്‍ച്ച ചെയ്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ (Cristiano Ronaldo). സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ തനിക്ക് വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കണമെന്ന് ക്രിസ്റ്റിയാനോ ക്ലബിന് മുന്നില്‍ വെക്കുകയായിരുന്നു. മാഞ്ചസ്റ്ററിന് ചാംപ്യന്‍സ് ലീഗ് (UEFA Champions League) യോഗ്യത നേടാനായില്ലെന്നുള്ളതാണ് ക്രിസ്റ്റിയാനോയുടെ പ്രധാന പ്രശ്‌നം. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ഏതെങ്കില്‍ ക്ലബിലേക്ക് മാറാനാണ് ക്രിസ്റ്റ്യാനോ ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടിയുള്ള ക്രിസ്റ്റിയാനോ കഴിഞ്ഞ സീസണില്‍ 24 ഗോള്‍ നേടിയിരുന്നു. ചെല്‍സി, നാപോളി എന്നീ ക്ലബുകള്‍ താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ബയേണ്‍ ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ പോകുന്നില്ലെന്നും വാര്‍ത്തകള്‍ വന്നു. മാഞ്ചസ്റ്ററിലെത്തുന്നിന് മുമ്പ് യുവന്റസില്‍ മൂന്ന് സീസണ്‍ കളിച്ചെങ്കിലും ഒരിക്കല്‍ പോലും ചാംപ്യന്‍സ് ലീഗ് കിരീടമുയര്‍ത്താന്‍ ക്രിസ്റ്റ്യാനോയ്ക്കായില്ല. 

റയല്‍ മാഡ്രിഡിനൊപ്പം നാല് തവണയും മാഞ്ചസ്റ്ററിനൊപ്പം ഒരു തവണയും ക്രിസ്റ്റിയാനോ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. മറ്റു ക്ലബിലേക്ക് ചേക്കാറാനുള്ള ശ്രമം നടക്കില്ലെന്ന് നേരത്തെ മാഞ്ചസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ പോര്‍ച്ചുഗീസുകാരനായ സൂപ്പര്‍ പരിശീലകന്‍ ജോസ് മൗറീഞ്ഞോയാണ് റൊണാള്‍ഡോയെ റോമയിലേക്ക് എത്തിക്കാനുള്ള ചരടുവലികള്‍ നടത്തി. കരിയര്‍ തുടങ്ങിയ സ്പോര്‍ട്ടിംഗ് ലിസ്ബണിലേക്കോ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്കോ റൊണാള്‍ഡോ മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇതിനിടെ വരുന്ന സീസണിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലനം തുടങ്ങി. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡിന്റെ ആദ്യ പരിശീലന സെഷനായിരുന്നു ഇത്. വാന്‍ ഡെ ബീക്, ആന്റണി മാര്‍ഷ്യല്‍, ഡേവിഡ് ഡി ഹിയ, വാന്‍ ബിസാക, ലിന്‍ഡെലോഫ്, ബ്രാണ്ടന്‍ വില്യംസ്, ഗര്‍നാചോ തുടങ്ങിയവര്‍ ആദ്യദിവസം പരിശീലനത്തിനെത്തി. റൊണാള്‍ഡോ ഉള്‍പ്പടെയുള്ള താരങ്ങള്‍ വൈകാതെ ടീമിനൊപ്പം ചേരും. 

അടുത്ത മാസം പന്ത്രണ്ടിനാണ് യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഈ സീസണില്‍ പുതുതായി ഒരു കളിക്കാരനെയും മാഞ്ചസ്റ്റര്‍ ടീമിലടുത്തിട്ടില്ല. എന്നാല്‍ ഫ്രാങ്കി ഡി ജോങ്, വിന്റീന, മാല്‍ക്കോം എബോവി എന്നിവരെ സീസണില്‍ യുണൈറ്റഡ് ടീമിലെത്തിക്കുമെന്നാണ് കരുതുന്നത്.