മിലാന്‍: ഫുട്ബോളില്‍ നിന്ന് വിരമിച്ചശേഷമുള്ള ആഗ്രഹം തുറന്നു പറഞ്ഞ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോളില്‍ നിന്ന് വിരമിച്ചശേഷം ഹോളിവുഡ് സിനിമയില്‍ നായകനാവണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് റൊണാള്‍ഡോ പറഞ്ഞു.

ശരീശം ഫുട്ബോളിന് വഴങ്ങുന്നില്ലെന്ന് തോന്നിത്തുടങ്ങിയാല്‍ കളി മതിയാക്കും. കരിയറില്‍ നേടിയതെല്ലാം എനിക്ക് ഫുട്ബോള്‍ തന്നതാണ്. എന്റെ ജീവിത വിജയത്തിന് പിന്നില്‍ അര്‍പ്പണബോധമല്ലാതെ വലിയ വിജയമന്ത്രങ്ങളൊന്നുമില്ല. ഈ 34-ാം വയസിലും കിരീടങ്ങള്‍ നേടാനുള്ള ശാരീരികക്ഷമതയും അതിനായി കഠിനാധ്വാനം ചെയ്യാനുള്ള മനസും തനിക്കുണ്ടെന്നും റൊണാള്‍ഡോ പറഞ്ഞു.

നാല്‍പതാം വയസിലും പ്രഫഷണല്‍ ഫുട്ബോളില്‍ തുടരുന്ന താരങ്ങളുണ്ട്. അതുപോലെ മികവ് കാട്ടാന്‍ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും റൊണാള്‍ഡോ പറഞ്ഞു. പോയവാരം ഇറ്റാലിയന്‍ സീരി എയില്‍ സാംപടോറിയക്കെതിരായ മത്സരത്തില്‍ വായുവില്‍ ഉയര്‍ന്നുചാടി റൊണാള്‍ഡോ നേടിയ ഗോള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു.