റയലില്‍ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്. വേണ്ടവര്‍ക്ക് അത് സാന്റിയാഗോ ബെര്‍ണാബ്യൂവിലെ റയല്‍ മ്യൂസിയത്തില്‍ ചെന്നാല്‍ കാണാം. അതുപോലെ ഓരോ റയല്‍ ആരാധകന്റെ മനസിലും അതുണ്ട്.

മിലാന്‍: യുവന്റസ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് തിരികെ പോകുന്നുവെന്ന യൂറോപ്യന്‍ മാധ്യമങ്ങളിലെ പ്രചരണങ്ങളോട് പ്രതികരിച്ച് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താന്‍ യുവന്റസ് വിടുമെന്ന രീതിയില്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ടെങ്കിലും സത്യം എന്താണെന്ന് ആരും അന്വേഷിക്കുന്നില്ലെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു. എന്നെക്കുറിച്ച് അറിയാവുന്നവര്‍ക്കെല്ലാം അറിയാം ഞാന്‍ എന്റെ ജോലിയില്‍ എത്രമാത്രം ശ്രദ്ധാലുവാണെന്ന്. കുറച്ചു വര്‍ത്തമാനം, കൂടുതല്‍ പണി എന്നതാണ് എന്റെ നയം.

കരിയറിന്റെ തുടക്കം മുതല്‍ അതാണെന്റെ നയം. എന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കളിക്കാരനെന്ന നിലയില്‍ എനിക്കും എന്റെ ക്ലബ്ബിനും ഞാനുമായി ബന്ധപ്പെട്ട് പറയുന്ന മറ്റ് ക്ലബ്ബുകള്‍ക്കുമെല്ലാം അപമാനകരമാണ്. റയലില്‍ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്. വേണ്ടവര്‍ക്ക് അത് സാന്റിയാഗോ ബെര്‍ണാബ്യൂവിലെ റയല്‍ മ്യൂസിയത്തില്‍ ചെന്നാല്‍ കാണാം. അതുപോലെ ഓരോ റയല്‍ ആരാധകന്റെ മനസിലും അതുണ്ട്. നേട്ടങ്ങളെക്കാളുപരി റയലിലുണ്ടായിരുന്ന ഒമ്പത് വര്‍ഷം പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങള്‍ കഴിഞ്ഞത്. ആ സ്‌നേഹവും ആദരവും എനിക്കിപ്പോഴും ലഭിക്കുന്നുണ്ട്. അതിലെനിക്ക് സന്തോഷവുമുണ്ട്.

ഓരോ യഥാര്‍ത്ഥ റയല്‍ ആരാധകന്റെ ഹൃദയത്തിലും മനസിലും ഞാനുണ്ടാകുമെന്ന് ഉറപ്പാണ്. സ്‌പെയിനില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ എന്റെ പേര് നിരവധി ക്ലബ്ബുകളുമായി ചേര്‍ത്ത് പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് ആരും ഇതുവരെ ആരും അന്വേഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ പേര് വെച്ച് നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അവസാനമിടാന്‍ ഞാന്‍ തന്നെ നേരിട്ട് രംഗത്തുവന്നത്.

View post on Instagram

ഞാനെന്റെ കരിയറിലും ജോലിയിലും ശ്രദ്ധയൂന്നി മുന്നോട്ടു പോകുകയാണ്. ബാക്കിയെല്ലാം വെറും വര്‍ത്തമാനങ്ങള്‍ മാത്രമാണ്-റൊണാള്‍ഡോ കുറിച്ചു. റൊണാള്‍ഡോയെ തിരികെയെത്തിക്കാന്‍ റയലിന് താല്‍പര്യമില്ലെന്ന് റയല്‍ പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. റൊണാള്‍ഡോ റയലിലെ ഇതിഹാസമാണെന്നും എന്നാലിപ്പോള്‍ അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കുന്നില്ലെന്നും ആഞ്ചലോട്ടി പറഞ്ഞിരുന്നു. നേരത്തെ പി എസ് ജിയുമായി ബന്ധപ്പെട്ടും റൊണാള്‍ഡോയുടെ പേര് പ്രചരിച്ചിരുന്നു.