പന്ത്രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ മടങ്ങിയെത്തിയിരിക്കുന്നത്

മാഞ്ചസ്റ്റര്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്‌റ്റർ യുണൈറ്റഡ് ടീമിനൊപ്പം ചേർന്നു. ശനിയാഴ്‌‌ച ന്യൂകാസിൽ യുണൈറ്റഡിനെതിരെ ആയിരിക്കും യുണൈറ്റഡിലേക്കുള്ള മടങ്ങിവരവില്‍ റൊണാൾഡോയുടെ ആദ്യ മത്സരം എന്നാണ് സൂചന.

വീണ്ടും ഒലേയ്‌ക്കൊപ്പം

പന്ത്രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ മടങ്ങിയെത്തിയിരിക്കുന്നത്. രണ്ടാംവരവിൽ ആദ്യം കോച്ച് ഒലേ സോൾഷെയറുമായി കൂടിക്കാഴ്‌ച നടത്തി. യുണൈറ്റഡിൽ റൊണാൾഡോയുടെ സഹതാരമായിരുന്ന സോൾഷെയർ ഇപ്പോഴത്തെ താരങ്ങളെ പരിചയപ്പെടുത്തി. തുടർന്നാണ് സിആ‍ർ7 യുണൈറ്റഡ് താരങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിയത്. 

ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്‍റെ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്‌ഫർ ജാലകം അടയ്‌ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ യുണൈറ്റഡുമായി കരാറിലെത്തുകയായിരുന്നു. യുണൈറ്റഡുമായി രണ്ട് വർഷത്തേക്കാണ് റോണോയുടെ കരാർ. ഏഴാം നമ്പർ കുപ്പായത്തിൽ യുണൈറ്റഡിന്റെ പ്രതാപം വീണ്ടെടുക്കാനിറങ്ങുന്ന റൊണാൾഡോ ആദ്യ ഊഴത്തിൽ ക്ലബിനായി 292 കളിയിൽ 118 ഗോൾ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോയുടെ ജേഴ്‌സി നമ്പര്‍ സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നെങ്കിലും വിദഗ്ധമായി ഇതിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറികടന്നിരുന്നു. പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ സിആര്‍7ന് വെല്ലുവിളിയായേക്കുമെന്നായിരുന്നു ആശങ്ക. എന്നാല്‍ എഡിസണ്‍ കവാനി 21-ാം നമ്പറിലേക്ക് മാറുന്നതോടെ ഒഴിവ് വരുന്ന ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്‌ക്ക് യുണൈറ്റഡ് നല്‍കുകയായിരുന്നു. 

Scroll to load tweet…

റെക്കോര്‍ഡോടെ വരവ്

അയർലൻഡിനെതിരായ പോർച്ചുഗലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇരട്ടഗോൾ നേടിയ റൊണാൾഡോ അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡുമായാണ് യുണൈറ്റഡിൽ തിരിച്ചെത്തിയിരിക്കുന്നത്. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണാണ് ദേശീയ കുപ്പായത്തില്‍ റൊണാൾഡോ അടിച്ചുകൂട്ടിയിരിക്കുന്നത്. 

ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം; ഗ്രീസ്‌മാന്‍റെ ഇരട്ടഗോളില്‍ ഫ്രാന്‍സിനും ജയഭേരി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona