അലാന്‍യാ: ബസ് അപകടത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഫുട്ബോള്‍ താരം ജോസഫ് സുറലിന് ദാരുണാന്ത്യം. തുര്‍ക്കി ക്ലബ് അയ്‌റ്റെമിസ് അലന്‍യാസ്‌പോറിന്‍റെ എവേ മത്സരം കഴിഞ്ഞ് മടങ്ങവെ സുറലും മറ്റ് ആറ് താരങ്ങളും സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റ് താരങ്ങള്‍ ചെറിയ പരുക്കുകളോടെ രക്ഷപെട്ടപ്പോള്‍ സാരമായി പരുക്കേറ്റ സുറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

സുറലിന്‍റെ മരണവിവരം ക്ലബ് അധികൃതരാണ് ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നും ക്ലബ് ചെയര്‍മാന്‍ ഹസന്‍ അറിയിച്ചു. ഒരു ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലബ് വാടകയ്‌ക്ക് എടുത്ത ബസാണ് അപകടത്തില്‍പെട്ടത്. 

ചെക്ക് റിപ്പബ്ലിക്കാനായി 20 മത്സരങ്ങള്‍ കളിച്ച 28കാരനായ അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍ ഒരു ഗോള്‍ വലയിലാക്കിയിട്ടുണ്ട്. 2016 യൂറോ കപ്പില്‍ ചെക്ക് ടീമിന്‍റെ കുന്തമുനകളിലൊന്നായിരുന്നു. താരത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ചെക്ക് റിപ്പബ്ലിക് സഹതാരം പീറ്റര്‍ ചെക്ക് അനുശോചിച്ചു. സുറലിനെ ഒരിക്കലും മറക്കാനാവില്ലെന്ന് ചെക്ക് ഫുട്ബോള്‍ അധികൃതര്‍ പ്രതികരിച്ചു.