ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഗോള്‍വലയം കാത്ത വിശ്വസ്തന്‍.

ലണ്ടന്‍: ഇവാന്‍ വുകോമാനോവിച്ചിന്റെ (Ivan Vukomanovic) കീഴില്‍ ഐഎസ്എല്ലിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters) അവിശ്വസനീയ പ്രകടനമാണ് പുറത്തെടുത്തത്. ഫൈനിലെത്തിയ ടീം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ്‌സിയോട് (Hyderabad FC) തോറ്റ് പുറത്തായി. രണ്ട് തവണ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ച മുന്‍ ഇംഗ്ലീഷ് താരമാണ് ഡേവിഡ് ജയിംസ്.

ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍കോച്ച് ഡേവിഡ് ജയിംസ്. ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവം കലൂര്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവമാണെന്ന് ഡേവിഡ് ജയിംസ് പറഞ്ഞു.

ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഗോള്‍വലയം കാത്ത വിശ്വസ്തന്‍. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ എണ്ണൂറിലേറെ മത്സരങ്ങളുടെ അനുഭവ സമ്പത്തുണ്ട് ഡേവിഡ് ജയിംസിന്. ഇതിനിടയില്‍ ഏറ്റവും മറക്കാനാവാത്ത അനുഭവം ഏതെന്ന് ചോദിച്ചാല്‍ ഡേവിഡ് ജയിസിന്റെ മനസ്സിലേക്ക് ആദ്യമെത്തുക കേരള ബ്ലാസ്റ്റേഴ്‌സും കലൂര്‍ സ്റ്റേഡിയവും.

ഐ എസ് എല്ലിന്റെ പ്രഥമ പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പറും പരിശീലകനുമായിരുന്നു ഡേവിഡ് ജയിംസ്. ആദ്യകൊല്ലം തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാന്‍ ഡേവിഡ് ജയിംസിന് കഴിഞ്ഞു. 2018ല്‍ ബ്ലാസ്റ്റേഴ്‌സ് റെനെ മ്യൂളസ്റ്റീനെ പുറത്താക്കിയപ്പോള്‍ പകരക്കാരനായി എത്തിയതും ഡേവിഡ് ജയിംസായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി 53 മത്സരങ്ങളില്‍ ഗോള്‍വലയം കാത്ത താരമാണ് ഡേവിഡ് ജയിംസ്.