Asianet News MalayalamAsianet News Malayalam

സ്‌പാനിഷ് ഗോളടിയന്ത്രം ഡേവിഡ് വിയ്യ വിരമിക്കുന്നു

സ്‌പെയിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍(59) നേടിയ വിയ്യ 98 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 2010ലെ ഫിഫ ലോകകപ്പും 2008ലെ യൂറോ കപ്പും ശ്രദ്ധേയ നേട്ടങ്ങളാണ്. 

David Villa retiring from professional football
Author
London, First Published Nov 13, 2019, 3:28 PM IST

ലണ്ടന്‍: സ്‌പാനിഷ് സ്‌ട്രൈക്കര്‍ ഡേവിഡ് വിയ്യ പ്രഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു. ജാപ്പനീസ് ലീഗില്‍ വിസല്‍ കോബിനായി കളിക്കുന്ന വിയ്യ ഈ സീസണിനൊടുവിലാണ് ബൂട്ടഴിക്കുക. സ്‌പെയിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍(59) നേടിയ വിയ്യ 98 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 2010ലെ ഫിഫ ലോകകപ്പും 2008ലെ യൂറോ കപ്പും ശ്രദ്ധേയ നേട്ടങ്ങളാണ്. 

'വിരമിക്കലിനെ കുറിച്ച് ദീര്‍ഘകാലമായി ചിന്തിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. നിര്‍ബന്ധിത വിരമിക്കലിന് മുന്‍പ് എനിക്ക് മൈതാനത്തോട് വിടപറയണം'- വിയ്യ പ്രതികരിച്ചതായി പ്രമുഖ ഫുട്ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 

വിരമിക്കും മുന്‍പ് ജനുവരി ഒന്നിന് വിസല്‍ കോബിനായി എംപറര്‍ കപ്പ് നേടണമെന്നാണ് ആഗ്രഹമെന്ന് താരം ട്വീറ്റ് ചെയ്തു. വിരമിച്ചാലും ഫുട്ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കും. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയറിയിക്കുന്നതായും വിയ്യ കുറിച്ചു. ബാഴ്‌സലോണയ്‌ക്ക് പുറമെ അത്‌ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ തുടങ്ങിയ മുന്‍നിര ക്ലബുകള്‍ക്കൊപ്പവും വിയ്യ കളിച്ചിട്ടുണ്ട്. 

ക്ലബ് കരിയറില്‍ മൂന്ന് വീതം ലാലിഗ, കോപ്പ ഡെല്‍ റേ കിരീടങ്ങളും 2011ല്‍ ബാഴ്‌സയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും വിയ്യ നേടിയിട്ടുണ്ട്. സ്‌പാനിഷ് ക്ലബുകള്‍ വിട്ട് അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍ ചേക്കേറിയ താരം ന്യൂയോര്‍ക്ക് സിറ്റിക്കായി കളിച്ചു. നാല് സീസണുകള്‍ക്കൊടുവില്‍ ജര്‍മന്‍ ലീഗില്‍ വിസില്‍ കോമ്പിന്‍റെ ഭാഗമാവുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios