Asianet News MalayalamAsianet News Malayalam

ഡി ബ്രൂയിന്‍, ജോര്‍ജീഞ്ഞോ, കാന്റെ; പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര പട്ടിക യുവേഫ പുറത്തുവിട്ടു

യുവേഫ പുറത്തിറക്കിയ പ്ലെയര്‍ ഓഫ് ദ ഇയര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിന്‍, ചെല്‍സിയുടെ ജോര്‍ജീഞ്ഞോ, എന്‍ഗോളോ കാന്റെ എന്നിവരാണ്. 

De Bruyne, Jorginho and Kante nominated for UEFA player of the year
Author
İstanbul, First Published Aug 20, 2021, 8:50 AM IST

ഇസ്താംബൂള്‍: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക യുവേഫ പുറത്തുവിട്ടു. ഈമാസം ഇരുപത്തിയാറിന് ഇസ്താംബുളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. യുവേഫ പുറത്തിറക്കിയ പ്ലെയര്‍ ഓഫ് ദ ഇയര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിന്‍, ചെല്‍സിയുടെ ജോര്‍ജീഞ്ഞോ, എന്‍ഗോളോ കാന്റെ എന്നിവരാണ്. 

ചുരുക്കപ്പട്ടിക തയ്യാറാക്കിയത് 2020-21 സീസണില്‍ ദേശീയ ടീമിലെയും ക്ലബിലെയും പ്രകടനം പരിഗണിച്ച്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി അഞ്ചാം സ്ഥാനത്തായപ്പോള്‍ ലിയോണല്‍ മെസ്സി നാലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പതാം സ്ഥാനത്തുമായി. ലീകെ മെര്‍ട്ടന്‍സ്, അലക്‌സിയ പ്യുറ്റേയാസ്, ജെനിഫര്‍ ഹെര്‍മോസോ എന്നിവരാണ് വനിതാ പ്ലെയര്‍ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. മൂന്നുപേരും സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ താരങ്ങള്‍. 

മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കുന്നത് ഇറ്റലിയെ യൂറോപ്യന്‍ ചാംപ്യന്മാരാക്കിയ റോബര്‍ട്ടോ മാന്‍ചീനി, ചെല്‍സിയെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കിയ തോമസ് ടുഷേല്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രിമിയര്‍ ലീഗ് കിരീടത്തിലെത്തിച്ച പെപ് ഗാര്‍ഡിയോള എന്നിവരെ. 

യൂറോകപ്പില്‍ കളിച്ച 24 ടീമുകളുടെ പരിശീലകരും യുവേഫ ചാംപ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച ക്ലബുകളുടെ 80 പരിശീലകരും യുവേഫ അംഗാരാജ്യങ്ങളില്‍ നിന്നുള്ള 55 ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകളും വോട്ടെടുപ്പിലൂടെയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. 

ഈമാസം 26ന് ഇസ്താംബൂളില്‍ നടക്കുന്ന യുവേഫ് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ചടങ്ങിനിടെയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

Follow Us:
Download App:
  • android
  • ios