Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണ്‍ കുഴഞ്ഞുവീണു; മത്സരം റദ്ദാക്കി

സഹതാരങ്ങള്‍ പ്രാര്‍ത്ഥനയോടെ എറിക്‌സണ് ചുറ്റും കൂടിനിന്നു. പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. പിന്നാലെ 15 മിനിറ്റുകള്‍ക്ക് ശേഷം സ്‌ട്രെച്ചറില്‍ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി.

Denmark playmaker collapsed during the match against Finland
Author
Copenhagen, First Published Jun 12, 2021, 10:52 PM IST

കോപന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൌണ്ടില്‍ കുഴഞ്ഞുവീണു. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സംഭവം. ഇതോടെ നിര്‍ത്തിവെച്ച മത്സരം പിന്നീട് റദ്ദാക്കി. ഗ്രൗണ്ടിലേക്ക് ഓടിയടുത്ത മെഡിക്കല്‍ സംഘം എറികസ്ന് സിപിആർ അടക്കമുള്ള പ്രാഥമിക ചികിത്സ നൽകിയെങ്കിലും നിലമെച്ചപ്പെടാത്തതിനെത്തുടർന്ന് സ്ട്രെച്ചറിൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

സഹതാരങ്ങള്‍ പ്രാര്‍ത്ഥനയോടെ എറിക്‌സണ് ചുറ്റും കൂടിനിന്നു. പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. 15 മിനിറ്റുകള്‍ക്ക് ശേഷമാണ് എറിക്സണെ സ്‌ട്രെച്ചറില്‍ നിന്ന് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്. സഹതാരങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. താരത്തെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് യുവേഫ  മത്സരം റദ്ദാക്കിയതായി അറിയിച്ചത്.

മത്സരത്തിന്റെ 43-ാം മിനിറ്റിൽ ഒരു ത്രോ ബോൾ സ്വീകരിക്കാനായി നിൽക്കുന്നതിനിടെയാണ് എറിക്സൺ അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ആദ്യം ആർക്കും ഒന്നും മനസിലായില്ലെങ്കിലും പിന്നീട് കുഴഞ്ഞുവീണ എറിക്സണടുത്തേക്ക് സഹതാരങ്ങൾ ഓടിയെത്തി.

ഫിൻലൻഡിന്റെ മെഡിക്കൽ സംഘമായിരുന്നു തൊട്ടടുത്തുണ്ടായിരുന്നത്. പിന്നീട് ഡെൻമാർക്കിന്റെ മെഡിക്കൽ സംഘവും ഓടിയെത്തി. എറിക്സണ് കൃത്രിമ ശ്വാസവും സിപിആറും ഇലക്ട്രിക് ഷോക്കും നൽകിയെങ്കിലും നില മെച്ചപ്പെടാതിരുന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios