Asianet News MalayalamAsianet News Malayalam

ഡെന്മാര്‍ക്കിന്റേത് സമ്പൂര്‍ണ പതനം! സൗദിയും ടുനീസിയയും മടങ്ങുന്നത് തലയുയര്‍ത്തി

സ്റ്റേഡിയത്തില്‍ പരന്നു കിടന്ന നാട്ടുകാരുടെ ആര്‍പ്പുവിളികളും പ്രാര്‍ത്ഥനകളും അവരുടെ ശ്രമങ്ങള്‍ക്ക് ചിറകുകളും കരുത്തും നല്‍കി. പന്ത് കൈവശം വെച്ചതിനും പാസുകളിലും എല്ലാം  ബഹുദൂരം മുന്നിലായിട്ടും ഫ്രാന്‍സിന് ജയിക്കാനായില്ല.

Denmark thrashed out from world cup after they beaten by Australia
Author
First Published Dec 1, 2022, 3:08 PM IST

ഏത് മത്സരത്തിനും സൗന്ദര്യമേറ്റുന്നത് അനിശ്ചിതാവസ്ഥയാണ്. അവസാന മിനിറ്റുകളിലെ പോരാട്ടത്തിന്റെ ഊര്‍ജം ഏതൊരു മത്സരത്തെയും ത്രില്ലിങ് ആക്കും. ഇതിനൊക്കെ പുറമെ സിനിമാറ്റിക് കൂടിയായ മത്സരമായിരുന്നു ഫ്രാന്‍സും ടുനീസിയയും തമ്മില്‍ നടന്നത്. എതിരാളികളെ ബഹുമാനിക്കണമെന്ന പാഠം ഒറിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നതും. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന, നിലവിലെ ചാമ്പ്യന്‍മാര്‍, മുന്‍നിരക്കാര്‍ക്ക് വിശ്രമം അനുവദിച്ച്  ഒമ്പതുമാറ്റങ്ങളുമായിട്ടാണ് കളിക്കാനിറങ്ങിയത്. ചാമ്പ്യന്‍മാര്‍ എതിരാളികളെന്ന കുലുക്കമില്ലാതെ പൊരുതിതന്നെയാണ് ടുനീസിയ കളിയുടെ തുടക്കം മുതല്‍കളിച്ചത്. 

ആദ്യപകുതിയില്‍ തന്നെ ഒട്ടേറെ ഗോളവസരങ്ങള്‍. പകരക്കാരന്‍ ഗോള്‍കീപ്പര്‍ സ്റ്റീവ് മന്ദാദയെ ടുനീസിയ ശരിക്കും വിറപ്പിച്ചു. ഗോളൊന്നും വീഴാത്തത് അവരുടെ നിര്‍ഭാഗ്യം, ഫ്രാന്‍സിന്റെ മഹാഭാഗ്യം. എന്തായാലും പൊരുതിക്കളിക്ക് ഫലം കിട്ടി. 58ാം മിനിറ്റില്‍ പകരക്കാരന്‍ ക്യാപ്റ്റന്‍ വാബി ഖസ്രി ഗോളടിച്ചു. സംഗതിയുടെ പോക്ക് കണ്ട് ദെഷാംപ്‌സ് എംബപ്പെ. ഗ്രീസ്മാന്‍ റാബിയോട്ട്, ഡെംബലെ എന്നിവരെ രംഗത്തിറക്കി. പൊരുതിക്കളിയുടെ മുഴുവന്‍ ഊര്‍ജവും ടുനീസിയ പ്രതിരോധത്തിലേക്ക് മാറ്റി. പല കോണുകളില്‍ നിന്ന് പല രീതികളില്‍ ഫ്രാന്‍സ് ശ്രമിച്ചു, കൂട്ടായി നിന്ന് ടൂനീസിയ പ്രതിരോധിച്ചു. 

സ്റ്റേഡിയത്തില്‍ പരന്നു കിടന്ന നാട്ടുകാരുടെ ആര്‍പ്പുവിളികളും പ്രാര്‍ത്ഥനകളും അവരുടെ ശ്രമങ്ങള്‍ക്ക് ചിറകുകളും കരുത്തും നല്‍കി. പന്ത് കൈവശം വെച്ചതിനും പാസുകളിലും എല്ലാം  ബഹുദൂരം മുന്നിലായിട്ടും ഫ്രാന്‍സിന് ജയിക്കാനായില്ല. ഇഞ്ചുറിടൈം തീരാനിരിക്കെ ഗ്രീസ്മാന്‍ ഗോളടിച്ചു. പക്ഷേ അവസാന പത്ത് മിനിട്ടിലെ ടെന്‍ഷനടിപ്പിക്കുന്ന പൊരുതിക്കളിയിലും വലിയ സര്‍പ്രൈസ് ആണ് പിന്നെ കണ്ടത്. സംശയം വാര്‍ സഹായത്തോടെ പരിശോധിച്ച് റഫറി വിധിച്ചു, ആ ഗോള്‍ ഓഫ്‌സൈഡെന്ന്. സ്റ്റേഡിയം ആര്‍ത്തുവിളിച്ചു, പക്ഷേ  കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഒരൊറ്റ ഗോളിന് ഡെന്‍മാര്‍ക്കിനെ തകര്‍ത്തതോടെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പൂക്കള്‍ വിരിയിച്ച ടുനീസിയന്‍ കാല്‍പന്ത് വിപ്ലവകാരികള്‍ നിരാശയിലായി. 

ആറാംതവണയും ഗ്രൂപ്പ് ഘട്ടം മറികടക്കാതെ അവര്‍ നാട്ടിലേക്ക് മടങ്ങി. കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തപ്പെട്ട ആഘോഷിക്കപ്പെട്ട ഡെന്‍മാര്‍ക്ക് ടീമും ഒരു വിജയം പോലും നേടാനാകാതെ മടങ്ങി. അറുപതാം മിനിറ്റില്‍ മാത്യു ലക്കി ടീമിനായി ഗോളടിച്ച് ശരിക്കും ലക്കിയായപ്പോള്‍   ഓസ്‌ട്രേലിയ അവസാനപതിനാറിലെത്തി. അണ്‍ലക്കിയായത് മെക്‌സിക്കോ. അവസാന മത്സരത്തില്‍ സൗദി അറേബ്യയെ 2-1ന് തോല്‍പിച്ചിട്ടും പ്രീക്വാര്‍ട്ടറിലെത്താന്‍ കഴിഞ്ഞില്ല. പോയിന്റ്‌നിലയില്‍ ഒരുമിച്ചെങ്കിലും ഗോള്‍ ശരാശരിയിലും കാര്‍ഡുകളുടെ കണക്കി്‌ലും മുന്‍തൂക്കമുള്ള പോളണ്ട് ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. 

രണ്ടാം പകുതിയില്‍ കേവലം അഞ്ച് മിനിറ്റിന്റെ ഇടവേളയിലാണ് ഹെന്റി മാര്‍ട്ടിനും  ലൂയിസ്   ഷാവേസുമാണ് മെക്‌സിക്കോക്കായി ഗോളടിച്ചത്. സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് ഇക്കുറിയും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. അല്ലെങ്കില്‍ മെക്‌സിക്കോ കൂടുതല്‍ ഗോളടിച്ചേനെ. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ അല്‍ ദാവ്‌സരി ഗോളിച്ചു. പ്രതിരോധനിരയെ ഓടിത്തോല്‍പ്പിച്ച് ദാവ്‌സരി നേടിയ ഗോളില്‍ മെക്‌സിക്കോയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ടുനീസിയക്കും മെക്‌സിക്കോക്കും ഡെന്‍മാര്‍ക്കിനും സൗദിക്കും നമസ്‌കാരം. വലിയ പ്രതീക്ഷകലുമായെത്തി നിരാശപ്പെടുത്തിയതിന്റെ ക്ഷീണം ഡെന്‍മാര്‍ക്ക് മാറ്റിയെടുക്കുമെന്ന് കരുതാം. പൊരുതിവീണ മെക്‌സിക്കോയെ നിര്‍ഭാഗ്യത്തിന്റെ പേരില്‍ ആശ്വസിപ്പിക്കാം. കരുത്തന്‍മാരെ ഞെട്ടിച്ച ടുനീസിയക്കും സൗദി അറേബ്യക്കും അഭിവാദ്യം. തിരിച്ചുവരൂ, കൂടുതല്‍ ഉഷാറായി, ഇനിയും ഞെട്ടിക്കാന്‍.

പാലക്കാടന്‍ കാറ്റിനോട് കിടപിടിക്കാനായില്ല; ഒടുവില്‍, കൊല്ലങ്കോട്ടെ ക്രിസ്റ്റിയാനോയും വീണു

Follow Us:
Download App:
  • android
  • ios