സ്പെയ്നിനോട് ഫൈനലിൽ പരാജയപ്പെടുന്നതിന് മുൻപ്, ടൂർണമെന്‍റിലുടനീളം ലയണൽ മെസിയുടെ അർജന്‍റീനയ്ക്ക് അനുകൂലമായി നിരവധി വിവാദ റഫറിയിംഗ് തീരുമാനങ്ങൾ വന്നിരുന്നു.
സൂറിച്ച്: ലോകകപ്പ് ഫുട്ബോളിൽ അർജന്‍റീനയ്ക്ക് റഫറിമാരിൽ നിന്നും ഫിഫയിൽ നിന്നും വഴിവിട്ട ആനുകൂല്യങ്ങൾ ലഭിച്ചെന്ന ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്‌സർലന്‍ഡ് ഫോർവേഡ് ബ്രീൽ എംബോളോയ്ക്ക് വാര്‍ (VAR) പരിശോധനയ്ക്ക് ശേഷം ചുവപ്പ് കാർഡ് നൽകിയ നടപടി തികച്ചും തെറ്റായിരുന്നുവെന്ന് ഫുട്ബോൾ നിയമനിർമ്മാണ സമിതിയായ ഐഎഫ്എബി (IFAB) വ്യക്തമാക്കി.
സ്പെയ്നിനോട് ഫൈനലിൽ പരാജയപ്പെടുന്നതിന് മുൻപ്, ടൂർണമെന്‍റിലുടനീളം ലയണൽ മെസിയുടെ അർജന്‍റീനയ്ക്ക് അനുകൂലമായി നിരവധി വിവാദ റഫറിയിംഗ് തീരുമാനങ്ങൾ വന്നിരുന്നു. ഈജിപ്ത്, സ്വിറ്റ്‌സർലന്‍ഡ് തുടങ്ങിയ ടീമുകൾ പരസ്യമായി റഫറിയിംഗ് പക്ഷപാതിത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് താരത്തെ പുറത്താക്കിയ സംഭവം വാര്‍ പ്രോട്ടോക്കോളിന്‍റെ തെറ്റായ വിനിയോഗമായിരുന്നുവെന്ന് സമിതി അംഗീകരിച്ചത്.
ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലന്‍ഡ് 1-1ന് ഒപ്പമെത്തിയതിന് തൊട്ടുപിന്നാലെ, 72-ാം മിനിറ്റിലായിരുന്നു വിവാദ സംഭവം. അർജന്‍റീന താരം ലിയാൻഡ്രോ പരെഡെസ് ഫൗള്‍ ചെയ്ത് വീഴ്ത്തിയെന്ന് വാദിച്ച് സ്വിസ് താരം എംബോളോ ഗ്രൗണ്ടിൽ വീണു. റഫറി ഉടൻ തന്നെ പരെഡെസിന് മഞ്ഞക്കാർഡ് നൽകി. എന്നാൽ വാര്‍ നിർദ്ദേശപ്രകാരം ദൃശ്യങ്ങൾ പരിശോധിച്ച റഫറി, പരെഡെസ് ഫൗൾ ചെയ്തിട്ടില്ലെന്നും എംബോളോ ഫൗൾ ചെയ്തതായി അഭിനയിക്കുകയാണെന്നും വിധിച്ച് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പ് കാർഡും നൽകി പുറത്താക്കി.
10 പേരായി ചുരുങ്ങിയ സ്വിറ്റ്‌സർലന്‍ഡിനെതിരെ അധിക സമയത്ത് രണ്ട് ഗോളുകൾ കൂടി നേടി അർജന്‍റീന 3-1ന് വിജയിച്ച് സെമിഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഈ സംഭവത്തില്‍ 'ആൾ മാറി കാർഡ് നൽകൽ' (Mistaken Identity) എന്ന വാര്‍ പ്രോട്ടോക്കോൾ തെറ്റായാണ് റഫറിമാർ ഉപയോഗിച്ചതെന്ന് ഐഎഫ്എബി വ്യക്തമാക്കി. ഫൗൾ ചെയ്ത കളിക്കാരന് പകരം തെറ്റായി മറ്റൊരു കളിക്കാരന് കാർഡ് നൽകുമ്പോൾ അത് തിരുത്താൻ മാത്രമാണ് ഈ നിയമം ഉപയോഗിക്കേണ്ടത്. ഫൗൾ നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാനോ, അഭിനയത്തിന് പുതിയ കാർഡ് നൽകാനോ നിലവിലുള്ള ഈ പ്രോട്ടോക്കോൾ പ്രകാരം അനുമതിയില്ല. റഫറി എടുത്തത് പൂർണ്ണമായും തെറ്റായ തീരുമാനമായിരുന്നു. റഫറിയെ സംരക്ഷിക്കാൻ ഫിഫ ശ്രമിക്കുമെന്നറിയാം, എന്നാൽ ഈ തെറ്റായ നിയമപ്രയോഗം ഞങ്ങളുടെ കളിയും പ്രതീക്ഷകളും നശിപ്പിച്ചു. ഇത്തരത്തിൽ ടൂർണമെന്‍റിൽ നിന്ന് പുറത്താകേണ്ടി വന്നത് വളരെ വേദനാജനകമാണെന്ന് സ്വിറ്റ്‌സർലന്‍ഡ് കോച്ച് മുറാത്ത് യാക്കിൻ പ്രതികരിച്ചു.
മാർച്ച് മുതൽ വാര്‍ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഐഎഫ്എബി ചർച്ചകൾ നടത്തി വരികയാണ്. ഭാവിയിൽ ഇത്തരം അഭിനയങ്ങൾ വാർ വഴി കണ്ടെത്തി കാർഡ് നൽകാൻ നിയമം ഭേദഗതി ചെയ്തേക്കാം. എന്നാൽ നിലവിലെ നിയമപ്രകാരം എംബോളോയ്ക്ക് കാർഡ് നൽകിയത് തെറ്റായിരുന്നുവെന്ന സമിതിയുടെ വിശദീകരണം അർജന്‍റീനയ്ക്ക് അനുകൂലമായി റഫറിമാർ പ്രവർത്തിച്ചു എന്ന ആരോപണങ്ങൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
