പാരിസ്: കാല്‍ക്കരുത്തിലും മനക്കരുത്തിലും ആരെയും കൂസാത്തവന്‍. സ്റ്റാംഫോഡ് ബ്രിഡ്‌ജില്‍ അയാളൊരു വികാരമായി ഫുട്ബോള്‍ ആരാധകര്‍ കൊണ്ടാടിയ കാലം. അയാള്‍ക്കൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് അന്നേ ഫുട്ബോള്‍ നെഞ്ചിലേറിയ ഒരു ബാലനും തോന്നി. സ്റ്റാംഫോഡില്‍ ബാഴ്‌സലോണയുമായുള്ള ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയെത്തിയപ്പോള്‍ പിന്നെയൊന്നും നോക്കിയില്ല...അന്ന് ആ മത്സരത്തില്‍ ബോള്‍ബോയി ആയിരുന്ന ബാലന്‍ ഫോട്ടോ എടുക്കാന്‍ സൂപ്പര്‍താരത്തിന് അരികിലേക്ക് നടന്നു. 

എന്നാല്‍ പെനാല്‍റ്റി തരൂ എന്നാക്രോശിച്ച് റഫറി ടോം ഹെന്നിങ് ഓവര്‍ബോയോട് കലഹിച്ച് മൈതാനം വിട്ട സൂപ്പര്‍‌താരം അതൊന്നും കൂസാക്കിയില്ല. സെല്‍ഫിയെടുക്കാന്‍ വന്ന ബാലനോട് പറഞ്ഞു. 'കടക്ക് പുറത്ത്'. അതോടെ ഫോട്ടോയെടുക്കാന്‍ വന്ന കുട്ടി കരച്ചിലായി. എന്നാല്‍ ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ പതിറ്റാണ്ടുകാലം രാജാവായി വിലസിയ ഇതിഹാസത്തോടൊപ്പം അവനൊരു സെല്‍ഫിയെടുക്കാനായി. കൃത്യം 10 വര്‍ഷങ്ങള്‍ക്ക് ശേഷം വിഖ്യാതമായ ബാലന്‍ ഡി ഓര്‍ പുരസ്‌കാരദാന ചടങ്ങിനിടെ!. 

ഫ്രാന്‍സിന്‍റെയും പിഎസ്‌ജിയുടെയും യുവരാജാവായ കിലിയന്‍ എംബാപ്പേയാണ് ചെല്‍സിയുടെയും ഐവറികോസ്റ്റിന്‍റെയും എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ദിദിയര്‍ ദ്രോഗ്‌ബയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്. അതും 10 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍. 

"10 വര്‍ഷം മുന്‍പ് ചെല്‍സിയും ബാഴ്‌സലോണയും ഏറ്റുമുട്ടിയപ്പോള്‍ ഒരു ബാലന്‍ സെല്‍ഫിയെടുക്കാന്‍ എന്‍റെ അടുക്കല്‍ വന്നു. റഫറിയുടെ മോശം തീരുമാനങ്ങളില്‍ അരിശംമൂത്തതിനാല്‍ അന്ന് ഞാന്‍ 'നോ' പറഞ്ഞു. ആ ബാലന്‍ കിലിയന്‍ എംബാപ്പേയാണെന്ന് അറിയാം. ആ കടം വീട്ടുകയാണ്"- താരനിബിഢമായിരുന്ന ബാലന്‍ ഡി ഓര്‍ വേദിയിലെ സൂപ്പര്‍ സെല്‍ഫിയെ കുറിച്ച് ദിദിയര്‍ ദ്രോഗ്‌ബയുടെ വാക്കുകള്‍. സെല്‍ഫിക്കായി സദസിലുള്ള മുഴുവന്‍ ആളുകളോടും എഴുന്നേല്‍ക്കാനും പറഞ്ഞ് ചിത്രം കളറാക്കി ഇതിഹാസം. 

ആവേശം കൊടിമുടി കയറിയ സ്റ്റാംഫോഡ് ബ്രിഡ്‌ജിലെ വിഖ്യാത സെമിയില്‍ റഫറി ഹെന്നിംഗിനോട് മാത്രം ഒതുങ്ങിയില്ല ദ്രോഗ്‌ബയുടെ ദേഷ്യം. വഴിക്കുകണ്ട ക്യാമറ നോക്കി മുട്ടന്‍ തെറിയും വിളിച്ചു സൂപ്പര്‍ താരം. നാടകീയത നിറഞ്ഞുനിന്ന മത്സരത്തില്‍ എവേ ഗോളുകളുടെ അകമ്പടിയില്‍ ജയിച്ച് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തി. ഇതിഹാസ കരിയറിനൊടുവില്‍ ദ്രോഗ്‌ബ പ്രഫഷണല്‍ ഫുട്ബോള്‍ മതിയാക്കിയപ്പോള്‍ ലോക ഫുട്ബോളിലെ മിന്നും താരങ്ങളിലൊരാളാണ് അന്നത്തെ മത്സരത്തിലെ ബോള്‍ബോയി ആയിരുന്ന എംബാപ്പേ ഇപ്പോള്‍.