മോണ്ടിവീഡിയോ: ഉറുഗ്വേ താരം ഡീഗോ ഫോർലാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ജൻമനാടായ മോണ്ടിവീഡിയോയിൽ നടത്തിയ വിടവാങ്ങൽ മത്സരത്തിൽ കളിച്ചാണ് ഫോർലാൻ ബൂട്ടഴിച്ചത്. യുവാൻ സെബാസ്റ്റ്യൻ വെറോൺ, ലൂയിസ് സുവാരസ് തുടങ്ങിയവർ അടക്കമുള്ള ഫോർലാന്റെ മുൻസഹതാരങ്ങളും സുഹൃത്തുക്കളും വിടവാങ്ങൽ മത്സരത്തിൽ പങ്കെടുത്തു.

നാൽപതുകാരനായ ഫോർലാൻ 21 വർഷം നീണ്ട ഫുട്ബോൾ കരിയറിനാണ് അവസാനമിട്ടത്. 2010 ലോകകപ്പിൽ ഉറുഗ്വേയെ സെമിഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഫോർലാൻ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൺ ബോളും സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്‍ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് കളിച്ച ഉറുഗ്വേതാരം ഐഎസ്‌എല്ലിൽ മുംബൈ സിറ്റിയുടെ താരമായിരുന്നു.

ഉറുഗ്വേയ്‌ക്ക് വേണ്ടി 100 കളികളിൽ ഇറങ്ങിയ ആദ്യ കളിക്കാരനാണ് ഫോർലാൻ. എക്കാലത്തെയും മികച്ച ഉറുഗ്വേ താരങ്ങളുടെ പട്ടികയിലാണ് ഫോര്‍ലാന്‍റെ സ്ഥാനം.