ബ്യൂണസ് അയേഴ്സ്: സ്വന്തം ടീമിന്റെ വിജയം ഡ്രസ്സിംഗ് റൂമില്‍ നൃത്തം ചെയ്ത് ആഘോഷിച്ച് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അര്‍ജന്റീനയിലെ ജിംനാഷ്യ ക്ലബ്ബിന്റെ പരിശീലകനായ മറഡ‍ോണ തന്റെ കീഴില്‍ ടീം ആദ്യ വിജയം സ്വന്തമാക്കിയതാണ് മതിമറന്ന് ആഘോഷിച്ചത്. മറഡോണ പരിശീലകനായശേഷം ക്ലബ്ബ് തുടര്‍ച്ചയായ മൂന്ന് കളികളില്‍ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഗോഡോയ് ക്രസിനെ ജിംനാഷ്യ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കി മറഡോണക്ക് കീഴില്‍ ആദ്യ ജയം കുറിച്ചു. ജൂലൈയില്‍ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നെങ്കിലും അതൊന്നും മറഡോണയുടെ ഡാന്‍സിനെ ബാധിച്ചില്ല.

കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് ഫുട്ബോളിനിടെ പല മത്സരങ്ങളും കാണാന്‍ സ്റ്റേഡിയത്തിലെത്തിയ മറഡോണയുടെ അംഗവിക്ഷേപങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. അര്‍ജന്റീനയുടെ മത്സരത്തിനിടെ ഗോളടിച്ചപ്പോള്‍ കാണികള്‍ക്കുനേരെ മോശമായ രീതിയില്‍ അംഗവിക്ഷേപം കാട്ടി മറഡോണ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു