ബ്യൂണസ് ഐറിസ്: അന്യഗ്രഹ ജീവികള്‍ തന്നെ പിടിച്ചുകൊണ്ടുപോയെന്നും മൂന്ന് ദിവസം കാണാതായതും അടക്കമുള്ള അവിശ്വസനീയ വെളിപ്പെടുത്തലുകളുമായി ഫുട്ബോള്‍ ഇതിഹാസം ഡീഗോ
മറഡോണ. വെര്‍ജിനിറ്റി 13-ാം വയസില്‍ നഷ്ടമായെന്നും മറഡോണ അന്‍ജന്‍റീനന്‍ സ്‌പോര്‍ട്‌സ് ചാനല്‍ ടൈക്കിനോട് പറഞ്ഞു.

അന്യഗ്രഹജീവികള്‍ ഉള്ളതായി വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതിഹാസ ഫുട്ബോളറുടെ മറുപടിയിങ്ങനെ. 'ഒരിക്കല്‍, കുറെയധികം മദ്യപിച്ച ശേഷം ഞാന്‍ മൂന്ന് ദിവസത്തേക്ക് വീട്ടില്‍ നിന്ന് അപ്രത്യക്ഷനായി. അന്യഗ്രഹജീവികള്‍ എന്നെ തട്ടിക്കോണ്ടുപോവുകയായിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ പറയാനാവില്ല'. മറഡോണ വ്യക്തമാക്കി. 

'പതിമൂന്നാം വയസില്‍ വെര്‍ജിനിറ്റി നഷ്‌ടപ്പെടുത്തി. പ്രായമുള്ള ഒരു സ്‌ത്രീക്കൊപ്പമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. അവര്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ
സമയം'- അമ്പത്തിയൊമ്പതുകാരനായ അര്‍ജന്‍റീനന്‍ ഇതിഹാസം വ്യക്തമാക്കിയതായി ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടികയിലാണ് ഡീഗോ മറഡോണയുടെ സ്ഥാനം. 1997 വിരമിച്ച താരം അര്‍ജന്‍റീനന്‍ ക്ലബായ ഗി‌മ്‌നാസിയ ഡെ ലാ പ്ലാറ്റയുടെ പരിശീലകനാണ്. അര്‍ജന്‍റീനക്കായി 91 തവണ ജഴ്‌സിയണിഞ്ഞ താരം 34 ഗോളുകള്‍ നേടി. ക്ലബ് കരിയറില്‍ ബാഴ്‌സലോണ അടക്കമുള്ള വമ്പന്‍ ക്ലബുകളില്‍ കളിച്ച മറഡോണ നാപ്പോളിയിലാണ് ഇതിഹാസ താരമായി പേരെടുത്തത്. നാപ്പോളിക്കായി 188 മത്സരങ്ങളില്‍ 81 തവണ വലകുലുക്കി.