ക്വാര്‍ട്ടര്‍ ഫൈനലിലാണ് മറഡോണ വിവാദമായ 'ദൈവത്തിന്‍റെ കൈ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോള്‍ നേടിയത്

ലണ്ടന്‍: 1986 ലോകകപ്പിൽ (FIFA World Cup 1986) 'ദൈവത്തിന്‍റെ കൈ' ഗോൾ (Hand of God) നേടിയ മത്സരത്തിൽ ഡിഗോ മറഡോണ (Diego Maradona) ധരിച്ച ജഴ്സി ലേലം ചെയ്തു. 70 കോടി 90 ലക്ഷം രൂപയ്ക്കാണ് ജഴ്സി ലേലം ചെയ്തത്. കായിക ചരിത്രത്തിൽ ഒരു താരത്തിന്‍റെ ജഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയ‍ര്‍ന്ന ലേലത്തുകയാണിത്. ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന്‍റെ കൈവശമായിരുന്നു മറഡോണയുടെ ജഴ്സി. ലോകകപ്പ് ക്വാർട്ടർ ഫൈനലിന് ശേഷം ഹോഡ്ജുമായി മറഡോണ കുപ്പായം കൈമാറ്റം ചെയ്യുകയായിരുന്നു. 

ക്വാര്‍ട്ടര്‍ ഫൈനലിലാണ് മറഡോണ വിവാദമായ 'ദൈവത്തിന്‍റെ കൈ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോള്‍ നേടിയത്. അതിന് ശേഷം മിനുട്ടുകള്‍ വ്യത്യാസത്തിലാണ് മറഡോണ 'നൂറ്റാണ്ടിലെ ഗോള്‍' എന്ന് വിശേഷിപ്പിക്കുന്ന ഗോളും നേടിയത്. അഞ്ചോളം ഇംഗ്ലീഷ് കളിക്കാരെ വെട്ടിച്ചാണ് ഫിഫ നൂറ്റാണ്ടിലെ ഗോളായി തിരഞ്ഞെടുത്ത ഈ ഗോള്‍ നേടിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ അർജന്‍റീന തോൽപ്പിച്ചിരുന്നു. ഈ ലോകകപ്പില്‍ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി അര്‍ജന്‍റീന കിരീടമുയര്‍ത്തുകയും ചെയ്‌തു. 

ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വാഴ്‌ത്തപ്പെടുന്ന ഡിഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25ന് കായികലോകത്തോട് വിടപറഞ്ഞിരുന്നു. 60കാരനായ ഇതിഹാസ ഫുട്ബോളര്‍ ഇതിന് രണ്ടാഴ്ച്ച മുമ്പ് തലച്ചോറിലെ ശസ്‌ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഫുട്‌ബോള്‍ പ്രേമികളെ കണ്ണീരിലാഴ്‌ത്തി അദേഹത്തിന്‍റെ മരണവാര്‍ത്ത പുറത്തുവരികയായിരുന്നു. 

IPL 2022 : അപമാനത്തിന് പലിശ സഹിതം തിരിച്ചുകൊടുക്കണം; സണ്‍റൈസേഴ്‌സിനെതിരെ ശ്രദ്ധാകേന്ദ്രം വാര്‍ണര്‍