എന്നാല്‍ ജിയോ സിനിമയിലൂടെ ലൈവ് സ്ട്രീമിംഗ് കാണാന്‍ ജിയോ കണക്ഷനില്ലാത്തവര്‍ പുതുതായി ജിയോ സിം എടുക്കണോ എന്നതായിരുന്നു ആരാധകരുടെ പ്രധാന ആശങ്കകളിലൊന്ന്. എന്നാല്‍ അതിനിപ്പോള്‍ ഉത്തരമായിരിക്കുകയാണ്.

ദോഹ: ഖത്തറില്‍ ലോകകപ്പ് ആവേശത്തിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരുടെ പ്രധാന ആശങ്ക മത്സരം ടെലിവിഷനിലും ലൈവ് സ്ട്രീമിംഗിലും എങ്ങനെ കാണുമെന്നാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോ 18 ആണ് ഫുട്ബോള്‍ ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേഷണാവകാശം ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. വയാകോം 18ന്‍റെ സ്പോര്‍ട്സ് 18 ചാനലിലൂടെയാണ് മത്സരങ്ങള്‍ ടെലിവിഷനില്‍ കാണാനാകുക. മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയിലൂടെയും കാണാം.

എന്നാല്‍ ജിയോ സിനിമയിലൂടെ ലൈവ് സ്ട്രീമിംഗ് കാണാന്‍ ജിയോ കണക്ഷനില്ലാത്തവര്‍ പുതുതായി ജിയോ സിം എടുക്കണോ എന്നതായിരുന്നു ആരാധകരുടെ പ്രധാന ആശങ്കകളിലൊന്ന്. എന്നാല്‍ അതിനിപ്പോള്‍ ഉത്തരമായിരിക്കുകയാണ്. ജിയോ സിനിമയില്‍ ലൈവ് സ്ട്രീമിംഗ് കാണാന്‍ ജിയോ സിം ആവശ്യമില്ല. ഏത് നെറ്റ്‌വര്‍ക്ക് കണക്ഷനുള്ളവര്‍ക്കും ജിയോ സിനിമ ഡൗണ്‍ലോഡ് ചെയ്ത് സൗജന്യമായി ജിയോ സിനിമയിലൂടെ ലോകകപ്പ് കാണാനാകും.

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ആദ്യം ജിയോ സിനിമ ആപ് ഡൗണ്‍ലോഡ് ചെയ്യുകയും ഇതില്‍ ലോഗിന്‍ ചെയ്യുകയുമാണ്. മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ കൊടുത്താല്‍ നിങ്ങളുടെ നമ്പറില്‍ ഒരു ഒടിപി വരും. ഇതു നല്‍കി കഴിഞ്ഞാല്‍ ജിയോ സിനിമയിലെ എല്ലാ കണ്ടന്‍റുകളും നിങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാകും.

ടിവിയിലും ലാപ്‌ടോപിലും ലോകകപ്പ് കാണാനാകുമോ

ജിയോ ടിവി ബ്രൗസറിലൂടെ നിങ്ങള്‍ക്ക് ടിവിയിലും ലാപ്‌ടോപിലും ലോകകപ്പ് മത്സരങ്ങള്‍ കാണാനകും. സാംസങിന്‍റെ ടിസെന്‍ ഒഎസ് 2.4ന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ടിവികളില്‍ ജിയോ സിനിമ ആപ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 7 വേര്‍ഷന് മുകളിലുള്ള ടിവികളില്‍ ജിയോ സിനിമ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ലോകകപ്പ് കാണാനാകും. ഫയര്‍ ടിവിയില്‍ 6ന് മകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള സെറ്റുകളിലും ആപ്പിള്‍ ടിവിയില്‍ 10ന് മുകളില്‍ ഒഎസ് ഉള്ളവയിലും മത്സരങ്ങള്‍ കാണാനാകും.

കപ്പ് അർജന്‍റീനക്കുള്ളതാണ് സതീശാ എന്ന് പ്രതാപൻ‍; 'തൃശൂരിങ്ങെടുക്കുകയാ' എന്ന് സ്നേഹിതന്‍ പറഞ്ഞപോലെയെന്ന് മറുപടി

ഡിടിഎച്ച്/കേബിള്‍ ടിവിയില്‍ കാണാന്‍

ഡിഷ് ടിവി: സ്പോര്‍ട്സ് 18 ചാനല്‍ നമ്പര്‍ 643, 644

എയര്‍ടെല്‍ ഡിജിറ്റല്‍:സ്പോര്‍ട്സ് 18 ചാനല്‍ നമ്പര്‍ 293, 294

ടാറ്റാ പ്ലേ:സ്പോര്‍ട്സ് 18 ചാനല്‍ നമ്പര്‍ 487, 488

സണ്‍ ഡയറക്ട് : സ്പോര്‍ട്സ് 18 505, 983

ഏഷ്യാനെറ്റ് കേബിള്‍ ടിവി: ചാനല്‍ നമ്പര്‍ 309

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് കിക്കോഫാകുന്നത്. ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് ഇംഗ്ലണ്ട് ഇറാനെയും 9.30ന് സെനഗല്‍ ഹോളണ്ടിനെയും നേരിടും. 22നാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അര്‍ജന്‍റീനയുടെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തില്‍ സൗദി അറേബ്യയാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. 24ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ നേരിടും.