മത്സരശേഷം വിജയികൾക്കുള്ള ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോയ്ക്കൊപ്പം ട്രംപും ചേർന്നാവും സമ്മാനിക്കുക.

വാഷിംഗ്‌ടൺ: കാനഡക്കും മെക്സിക്കോക്കുമൊപ്പം അമേരിക്ക സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പിന്‍റെ കിരീട പോരാട്ടം കാണാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്‍റീന - സ്പെയിൻ ഫൈനൽ മത്സരത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

മത്സരശേഷം വിജയികൾക്കുള്ള ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോയ്ക്കൊപ്പം ട്രംപും ചേർന്നാവും സമ്മാനിക്കുക. വ്യാഴാഴ്ച നടന്ന പ്രസ് ബ്രീഫിംഗിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട, ഏറ്റവും സുരക്ഷിതവും, വിജയകരവുമായ ലോകകപ്പിന്‍റെ സമാപനത്തിനാണ് പ്രസിഡന്‍റ് സാക്ഷ്യം വഹിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ റിസപ്ഷനിലും ട്രംപ് പങ്കെടുക്കും.

കഴിഞ്ഞ ലോകകപ്പുകളുടെ പാരമ്പര്യത്തിൽ നിന്നുള്ള വലിയൊരു മാറ്റത്തിനും ഇത്തവണത്തെ ഫൈനൽ സാക്ഷ്യം വഹിക്കും. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും (2018 റഷ്യ, 2022 ഖത്തർ) ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോ തനിച്ചാണ് ജേതാക്കൾക്ക് ട്രോഫി നൽകിയിരുന്നത്. എന്നാൽ ഇത്തവണ പ്രസിഡന്‍റ് ട്രംപും താനും ഒരുമിച്ചാകും വിജയ നായകന് ലോകകപ്പ് ട്രോഫി കൈമാറുകയെന്ന് ഇൻഫാന്‍റീനോ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഞങ്ങൾ ഒരുമിച്ച് ഫൈനൽ ആസ്വദിക്കുകയും വിജയികൾക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്യും. ഞങ്ങൾ എപ്പോഴും ഒപ്പമുണ്ട്-ഇൻഫാന്‍റിനോ പറഞ്ഞു. മുൻകാലങ്ങളിൽ രാഷ്ട്രത്തലവന്മാർ ലോകകപ്പ് ട്രോഫി സമ്മാനിച്ച ചരിത്രമുണ്ട്. 1966-ൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബോബി മൂറിന് എലിസബത്ത് രാജ്ഞിയും, 1982-ൽ ഇറ്റാലിയൻ ക്യാപ്റ്റൻ ഡിനോ സോഫിന് സ്പെയിനിലെ കാർലോസ് രാജാവും ട്രോഫി കൈമാറിയിരുന്നു. ആ പാരമ്പര്യത്തിലേക്കാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപും നടന്നു കയറുന്നത്. ഫൈനലിൽ ട്രംപ് അർജന്‍റീനയെയാണോ അതോ സ്പെയിനെയാണോ പിന്തുണയ്ക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് പ്രസിഡന്‍റിനോട് നേരിട്ട് ചോദിക്കുന്നതാവും നല്ലതെന്നും അദ്ദേഹം അതിന് രസകരമായ മറുപടി നൽകുമെന്നും കരോലിൻ ലീവിറ്റ് തമാശരൂപേണ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക