2010-ൽ ലോകകപ്പ് നേടിയതിന് സമാനമായ പത്തിലധികം നിമിത്തങ്ങൾ ഈ വർഷവും സ്പെയിനിന് അനുകൂലമായി ആവർത്തിക്കുന്നു. ഗ്രൂപ്പ് ഘട്ടം, കളിക്കാർ, ടീമിന്റെ പ്രകടനം എന്നിവയിലെല്ലാം ഈ സാമ്യം പ്രകടമാണ്. ചരിത്രവും നിമിത്തവും കളിക്കളത്തിൽ പ്രസക്തമല്ലെങ്കിലും, ഈ രസകരമായ വിവരങ്ങൾ സ്പാനിഷ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.

ന്യൂയോര്‍ക്ക്: കിരീടം നേടുമെന്ന് വിശ്വസിക്കാന്‍ കളി മികവിനൊപ്പം ചില നിമിത്തങ്ങള്‍ സ്‌പെയിന് കൂട്ടുണ്ട്. കിരീടം നേടിയ 2010ലേതിനു സമാനമായ പത്തിലധികം കാര്യങ്ങള്‍ ഈ വര്‍ഷവും അതുപോലെ ആവര്‍ത്തിക്കുന്നു. നിമിത്തങ്ങളില്‍ വിശ്വസിക്കാം,വിശ്വസിക്കാതിരിക്കാം. പക്ഷേ സംഗതി രസകരമാണ്. സ്‌പെയിനിന് 2010ലും 2026ലും ഒരുപോലെ പലതുണ്ട്. 2010ല്‍ സ്‌പെയിന്‍ ലോകകപ്പിന് എത്തിയത് യൂറോ ചാമ്പ്യന്‍മാരായാണ്. ഇത്തവണയും അങ്ങനെ തന്നെ. ഈ വര്‍ഷം ഗ്രൂപ്പ് എച്ചിലായിരുന്നു സ്‌പെയിന്‍. 2010ലും സ്‌പെയിനിന്റെ ഗ്രൂപ്പ് എച്ച് തന്നെ.

2010 ലോകകപ്പിന്റെ ഉദ്ഘാടനം മത്സരം ഓര്‍യുണ്ടോ? അത് ദക്ഷിണാഫ്രിക്കയും മെക്‌സിക്കോയും തമ്മിലായിരുന്നു. ഈ വര്‍ഷമോ അതും ദക്ഷിണാഫ്രിക്കയും മെക്‌സിക്കോയും തമ്മില്‍. 2010ല്‍ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ഗോളടിച്ചില്ല. 2026ല്‍ എങ്ങനെയായിരുന്നു. കാബോ വെര്‍ദെക്കെതിരെ സ്‌പെയിന്‍ ഗോളടിച്ചില്ല. 2010ല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ തോല്‍പ്പിച്ചത് പോര്‍ച്ചുഗലിനെ. 2026ല്‍ പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന്‍ തോല്‍പ്പിച്ചത് പോര്‍ച്ചുഗലിനെ തന്നെ. 2010ല്‍ സെമിയില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീം മാത്രം, ഉറുഗ്വെ. ഈ വര്‍ഷവും മാറ്റമില്ല.

2010ലെ സ്‌പെയിന്‍ ടീമില്‍ എട്ട് ബാഴ്‌സലോണ താരങ്ങളുണ്ടായിരുന്നു. ഇതാ ഇത്തവണ ഫൈനല്‍ കളിക്കുന്ന ടീമിലും എട്ട് ബാഴ്‌സ കളിക്കാര്‍. 2010 റയല്‍ മാഡ്രിഡിന് കിരീടങ്ങളില്ലാത്ത സീസണയായിരുന്നു. ഈ വര്‍ഷവും അങ്ങനെ തന്നെ. 2010ല്‍ കോപ്പ ഡെല്‍റേ അത്‌ലറ്റികോ മാഡ്രിഡിന് ദുരന്തമായി. ഫൈനലില്‍ റയല്‍ സോസിഡാഡിനോട് തോറ്റു. 2026ലും ആവര്‍ത്തിച്ചത് മറ്റൊന്നല്ല. മൗറീന്യോ റയലിന്റെ പരിശീലകനായി വന്നത് 2010ലാണ്. ഇതാ വീണ്ടും മൗറീന്യോ റയല്‍ പരിശീലകനായി വരുന്നു. സ്‌പെയിന്‍ വീണ്ടും ഫൈനല്‍ കളിക്കുന്നു.

2010ല്‍ ബാഴ്‌സലോണ ലാ ലീഗയും സ്പാനിഷ് സൂപ്പര്‍ കപ്പും നേടി. ഈ വര്‍ഷവും ബാഴ്‌സയ്ക്കുണ്ട് രണ്ട് കിരീടവും. മാര്‍സലോ ബിയേല്‍സ പരിശീലിപ്പിച്ച ചിലി ടീം 2010ല്‍ സ്‌പെയിനെ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ടു. ഈ ലോകകപ്പിലും ബിയേല്‍സ കോച്ചായ ടീം സ്‌പെയിനോട് കളിച്ചു, ഉറുഗ്വേ. രണ്ടും ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു. 2010 മെക്‌സിക്കോയുടെ പരിശീലകന്‍ സാവിയര്‍ അഗ്വയ്ര്‍. 2026ലും മെക്‌സിക്കോയുടെ പരിശീലകന്‍ സാവിയര്‍ അഗ്വയ്ര്‍ തന്നെ. 2010 ലോകകപ്പിന്റെ തീംസോങ് പാടിയത് ഷാക്കിറ. ഈ വര്‍ഷവും മറ്റാരുമല്ല, ഷാക്കിറ. ചരിത്രവും നിമിത്തവും കളത്തിലിറങ്ങി കളിക്കില്ല. പക്ഷേ സ്പാനിഷ് ആരാധകര്‍ക്ക് വിശ്വസിക്കാനുളള വക ഇത്രയുമുണ്ട്.

YouTube video player