ബെര്‍ലിന്‍: ബുണ്ടസ് ലിഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വീണ്ടും ജയം. വോള്‍വ്‌സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബൊറൂസിയ പരാജയപ്പെടുത്തിയത്. കൊവിഡ് വ്യപാനം നിയന്ത്രിച്ച ശേഷം മത്സരങ്ങള്‍ പുനഃരാരംഭിച്ചപ്പോള്‍ ബൊറൂസിയ നേടുന്ന തുടര്‍ച്ചയായ രണ്ടാം ജയമാണിത്. റാഫേല്‍ ഗ്യൂറയ്‌റോ, അഷ്‌റഫ് ഹകിമി എന്നിവരാണ് ബൊറൂസിയക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

കഴിഞ്ഞ മത്സരത്തില്‍ ഷാല്‍ക്കെയ്ക്ക് എതിരെ ഇരട്ട ഗോളുകളും ഗ്യൂറയ്‌റോ നേടിയിരുന്നു. 82ാം മിനുട്ടില്‍ വോള്‍വ്‌സ്ബര്‍ഗിന്റെ ക്ലോസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്താവുക കൂടി ചെയ്തതോടെ ഡോര്‍ട്മുണ്ട് മൂന്ന് പോയന്റ് സ്വന്തമാക്കി. ഈ വിജയത്തോടെ ഡോര്‍ട്മുണ്ടിന് 27 മത്സരങ്ങളില്‍ 57 പോയന്റായി.

മറ്റൊരു മത്സരത്തില്‍ ലെവര്‍ക്യൂസന്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മോഞ്ചന്‍ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചു. കയ് ഹവേര്‍ട്ട്‌സിന്റെ ഇരട്ടഗോളും സ്വന്‍ ബെന്‍ഡിന്റെ ഒരു ഗോളുമാണ് ലെവര്‍ക്യൂസന് ജയമൊരുക്കിയത്. മാര്‍കസ് തുറാമിന്റെ വകയായിരുന്നു മോഞ്ചന്‍ഗ്ലാഡ്ബാഷിന്റെ ഏകഗോള്‍.

മറ്റു മത്സരങ്ങളില്‍ ഹെര്‍ത്ത എതിരില്ലാത്ത നാല് ഗോളിന് യൂണിയന്‍ ബെര്‍ലിന്‍ തോല്‍പ്പിച്ചു. വെര്‍ഡര്‍ എതിരില്ലാത്ത ഒരു ഗോളിന് ഫ്രീബര്‍ഗിനേയും മറികടന്നു.