കളിതീരാന്‍ രണ്ട് മിനുറ്റ് ബാക്കിനില്‍ക്കേ ഇന്ത്യ കഷ്‌ടിച്ച് സമനില എത്തിപ്പിടിക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും ഓരോ ഗോള്‍ മാത്രമാണ് നേടാനായത്. 

കൊല്‍ക്കത്ത: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരഫലം നിരാശ നല്‍കുന്നതായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളിതീരാന്‍ രണ്ട് മിനുറ്റ് ബാക്കിനില്‍ക്കേ ഇന്ത്യ സമനില എത്തിപ്പിടിക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും ഓരോ ഗോള്‍ മാത്രമാണ് നേടാനായത്. 

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആരാധകരോട് നീതിപുലര്‍ത്തുന്ന പ്രകടനം പുറത്തെടുക്കാനായില്ല. ഡ്രസിംഗ് റൂം ശോകമൂകമാണ്. ലഭിച്ച സുവര്‍ണാവസരങ്ങള്‍ പ്രയോജനപ്പെടുത്തിയില്ല. എന്നാല്‍ വിജയങ്ങള്‍ക്കായി തുടര്‍ന്നും പരിശ്രമിക്കുമെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ആദ്യ പകുതിയിൽ പ്രതീക്ഷിച്ചപോലെ കളിക്കാനായില്ലെന്നും സന്ദേശ് ജിംഗാന്‍റെ അഭാവം തിരിച്ചടിയായെന്നും ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചും പറഞ്ഞു.

ദോഹയിൽ ഖത്തറിനെ പിടിച്ചുകെട്ടിയ ടീമിന്‍റെ നിഴലായിരുന്നു കൊൽക്കത്തയിൽ ഛേത്രിപ്പട. ഒന്നാം പകുതി അവസാനിക്കും മുൻപ് ഗോൾ വഴങ്ങി. തോല്‍വി വഴങ്ങും എന്ന് കരുതിയ ഘട്ടത്തില്‍ 88-ാം മിനുറ്റില്‍ ആദിൽ ഖാന്‍റെ ഗോളില്‍ സമനില നേടി ഇന്ത്യ വലിയ നാണക്കേടില്‍ നിന്ന് രക്ഷപെടുകയായിരുന്നു. ആദ്യ മൂന്ന് കളിയിൽ നിന്ന് രണ്ട് പോയിന്‍റ് മാത്രമുള്ള ഇന്ത്യയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.