ലോകോത്തര ടീമുകളുമായി കളിച്ച് ഇന്ത്യക്ക് വലിയ അനുഭവസമ്പത്തില്ലെങ്കിലും ബ്രസീലിന് മറ്റ് രാജ്യങ്ങളിലെ കളരീതികൾ മനസിലാക്കാൻ ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്ന് ആഞ്ചലോട്ടി പറഞ്ഞു.

കൊൽക്കത്ത: ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരം വളർന്നുവന്നിട്ടില്ലെന്നും യുവതാരങ്ങളെ വാർത്തെടുക്കാൻ താഴേത്തട്ടിൽ കൃത്യമായ പരിശീലന പദ്ധതികൾ വേണമെന്നും ബ്രസീൽ ഫുട്ബോൾ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി. ഒക്ടോബർ 3-ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഇന്ത്യ - ബ്രസീൽ സൗഹൃദ മത്സരത്തിന് മുന്നോടിയായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റയൽ മാഡ്രിഡിന്‍റെ മുൻ പരിശീലകൻ കൂടിയായ ആഞ്ചലോട്ടി ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

ലോകോത്തര ടീമുകളുമായി കളിച്ച് ഇന്ത്യക്ക് വലിയ അനുഭവസമ്പത്തില്ലെങ്കിലും ബ്രസീലിന് മറ്റ് രാജ്യങ്ങളിലെ കളരീതികൾ മനസിലാക്കാൻ ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്ന് ആഞ്ചലോട്ടി പറഞ്ഞു. കൊൽക്കത്ത സന്ദർശിക്കാൻ താൻ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരത്തിന്റെ അഭാവമുണ്ടെങ്കിലും മറ്റ് കായിക ഇനങ്ങളിൽ രാജ്യം മികച്ച പ്രകടനം നടത്തുന്നുണ്ട്. അതിനാൽ തന്നെ ഒരു പുതിയ തലമുറയെ വളർത്തിയെടുക്കാൻ താഴേത്തട്ടിൽ വലിയ അധ്വാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായാണ് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഇന്ത്യയിലെത്തുന്നത്. ബ്രസീലിന് പുറമെ പനാമ, ഉറുഗ്വേ എന്നീ കരുത്തരായ ടീമുകൾക്കെതിരെയും ഇന്ത്യ കളത്തിലിറങ്ങുന്നുണ്ട്. ഇതിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെയുള്ള മത്സരങ്ങൾക്ക് ഇന്ത്യയുടെ ഫുട്ബോൾ തലസ്ഥാനമായ കൊൽക്കത്തയാണ് വേദിയാകുന്നത്. വിനീഷ്യസ് ജൂനിയർ അടക്കമുള്ള ലോകോത്തര താരങ്ങളടങ്ങുന്ന കരുത്തുറ്റ ടീമുമായാണ് ബ്രസീൽ ഇന്ത്യയിലെത്തുന്നത്.

നിലവിൽ ഫിഫ റാങ്കിങ്ങിൽ 138-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യൻ ഫുട്ബോൾ വലിയ തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നത്. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതയിൽ നിന്നും ഇന്ത്യ നേരത്തെ പുറത്തായിരുന്നു. യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ രാജ്യങ്ങളിലെ യുവതാരങ്ങൾക്ക് ലഭിക്കുന്ന രീതിയിലുള്ള തുടർച്ചയായ മത്സര പരിചയവും കൃത്യമായ ഗ്രാസ്റൂട്ട് ലീഗുകളും ഇന്ത്യയിൽ ലഭിക്കുന്നില്ലെന്ന വിമർശനം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് ബ്രസീൽ പരിശീലകന്‍റെ ഈ നിരീക്ഷണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക