കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധങ്ങള്‍ ഫുട്ബോള്‍ മൈതാനങ്ങളിലേക്കും പടരുന്നു. ഐ ലീഗില്‍ കൊല്‍ക്കത്ത ഡര്‍ബിക്കിടെയാണ് ഒരുവിഭാഗം ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ മുദ്രാവാക്യങ്ങളെഴുതിയ ബാനര്‍ ഉയര്‍ത്തിയത്. 

'ചോരകൊടുത്ത് സ്വന്തമാക്കിയ മണ്ണിനു പകരമാവില്ല ഒരിക്കലും ഒരു കടലാസുകഷ്ണം'- എന്നായിരുന്നു ഒരു ബാനറില്‍ എഴുതിയിരുന്നത്. ബംഗാളി ഭാഷയില്‍ ഇത്തരത്തിലുള്ള നിരവധി ബാനറുകളാണ് സാള്‍ട്ട് ലേക്കില്‍ ഉയര്‍ന്നത്. 

പരമ്പരാഗത വൈരികളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലുള്ള മത്സരം കാണാന്‍ 63,756 കാണികളാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഈസ്റ്റ് ബംഗാളിന്‍റെ ആരാധകരില്‍ ഭുരിഭാഗവും എന്നത് പ്രതിഷേധത്തിന്‍റെ രാഷ്‌ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മത്സരം ഒന്നിനെതിരെ രണ്ട് ഗോളിന് മോഹന്‍ ബഗാന്‍ വിജയിച്ചു. ഇരു കൊല്‍ക്കത്തന്‍ ക്ലബുകളും തമ്മിലുള്ള അവസാന ഡര്‍ബി മാര്‍ച്ച് 15ന് നടക്കും.