കൊല്‍ക്കത്ത: മോഹന്‍ ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കെത്തുമെന്ന് സൂചന. പുതിയ സീസണിന് മുന്നോടിയായി വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഈസ്റ്റ് ബംഗാള്‍. ഇറാന്‍ താരമായ ഒമിദ് സിംഗിനെ കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാള്‍ രണ്ടു വര്‍ഷത്തെ കരാറില്‍ സ്വന്തമാക്കിയിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഇപ്പോഴത്തെ സ്‌പോണ്‍സര്‍മാരായ ക്വെസുമായുള്ള ബന്ധം ഈ മാസത്തോടെ അവസാനിക്കും.

പുതിയ സ്‌പോണ്‍സര്‍മാര്‍ വരുന്നതോടെ ഒപ്പം അവര്‍ ഐഎസ്എല്ലിലേക്കുള്ള കയറാനുള്ള ശ്രമം നടത്തുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ജെജെ ഉള്‍പ്പെടെയുള്ള വന്‍ താരങ്ങളെ ഈസ്റ്റ് ബംഗാള്‍ നോട്ടമിടുന്നുണ്ട്. പുതിയ താരങ്ങളുടെ വരവ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. 

ഈ സീസണില്‍ ഐ ലീഗ് ചാംപ്യന്മാരായ മോഹന്‍ ബഗാന്‍ എടികെ കൊല്‍ക്കത്തയുമായി ലയിച്ചിരുന്നു. ഇതോടെ ഐഎസ്എല്‍ കളിക്കാമെന്നുള്ള ധാരണയാവുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള വമ്പന്‍ ക്ലബുകള്‍ ഐഎസ്എല്ലില്‍ എത്തുകയാണെങ്കില്‍ അത് ലീഗിന് വലിയ ഊര്‍ജമാവുമെന്നാണ് കരുതുന്നത്.